ഹെൽമറ്റില്ലാതെ വണ്ടിയോടിക്കുന്നതിനിടെ മരച്ചില്ല തലയിൽ വീണു; യാത്രക്കാരൻ കോമയിൽ
ബംഗളൂരു: ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്നതിനിടെ മരച്ചില്ല തലയിൽ വീണ് പരുക്കേറ്റ യാത്രക്കാരൻ കോമയിലായി. ബംഗളൂരുവിലെ രാജാജിനഗറിനു സമീപത്താണ് സംഭവം. 52 വയസുള്ള സതീഷിനാണ് ഗുരുതരമായി പരുക്കേറ്റത്. രാം മന്ദിൻ റോഡിലൂടെ സതീഷ് ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചു പോകുന്നതും മരച്ചില്ല തലയിൽ വീഴുന്നതും സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
മരച്ചില്ല തലയിൽ വീണ് പരുക്കേറ്റതോടെ സതീഷ് റോഡിൽ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. യശ്വന്ത്പുർ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ച ഇയാൾക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തി.
സതീഷ് ഇപ്പോൾ കോമയിലാണെന്നും വൈകാതെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും ഡോക്റ്റർമാർ പറയുന്നു.