ഉത്തരാഖണ്ഡിലെ ഹിമപാത ദുരന്തത്തിൽ മരണം ഏഴായി
ഉത്തരകാശി: ഉത്തരാഖണ്ഡിലെ കേദാർതാൽ ട്രെക്കിങ് പാതയിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്.
ഉത്തരകാശി ജില്ലയിലെ ഗംഗോത്രിയിൽ നിന്ന് കേദാർതാൽ തടാകത്തിലേക്കുള്ളതാണ് കേദാർതാൽ ട്രെക്കിങ്. സമുദ്രനിരപ്പിൽ നിന്ന് 10,200 അടി മുതൽ 16,116 അടി ഉയരം വരെയാണ് ഈ ട്രെക്കിങ് പാത.
എട്ട് ദിവസം മുൻപാണ് ട്രെക്കിങ് സംഘത്തെ കാണാതായത്. കനത്ത മഞ്ഞുവീഴ്ചയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നാണ് സംഘം അപകടത്തിൽപ്പെട്ടത്. സംസ്ഥാന ദുരന്തനിവാരണ സേനയും (എസ്ഡിആർഎഫ്) നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങും (എൻഐഎം) സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
ഹിമപാതത്തെ തുടർന്ന് മഞ്ഞിനടിയിൽപ്പെട്ട മൂന്ന് പുരുഷന്മാരുടെ മൃതദേഹങ്ങളാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രണ്ടും വെള്ളിയാഴ്ച ഒരു മൃതദേഹവും കണ്ടെടുത്തു. ബേസ് ക്യാമ്പിലെത്തിച്ച മൃതദേഹങ്ങൾ തുടർന്ന് ഹെലികോപ്റ്റർ മാർഗം ഉത്തരകാശിയിൽ എത്തിച്ചശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നേരത്തെ നടത്തിയ തെരച്ചിലിൽ രണ്ട് പുരുഷന്മാരുടെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പുതുതായി മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം മരണം ഏഴായി.
ഹിമപാതത്തെ തുടർന്ന് പ്രദേശത്ത് 10 മുതൽ 12 അടി വരെ ഉയരത്തിൽ മഞ്ഞ് അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ഒക്റ്റോബർ 27നാണ് ഏഴ് ട്രെക്കർമാരും ആറ് ഗൈഡുകളും ഉൾപ്പെടുന്ന 13 അംഗ സംഘം ഗംഗോത്രിയിൽ നിന്ന് കേദാർതാൽ ട്രെക്കിങ്ങിനായി പുറപ്പെട്ടത്. ഒക്റ്റോബർ 29ന് മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാൽ ഹിമപാതം ഉണ്ടായതോടെ ഇവരിൽ എട്ട് പേർ അപകടത്തിൽപ്പെടുകയായിരുന്നു.