സ്മിത് മച്ചാർ
ജയ്പൂർ: ഫ്ലൈ ദുബായ് വിമാനത്തിലെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിക്കാൻ പ്രത്യേക തലപ്പാവ് ഒരുക്കി രാജസ്ഥാനിലെ ഉദയ്പുരിലെ തലപ്പാവ് നിർമാതാക്കൾ. തലപ്പാവ് സ്മിത് മച്ചാറിന് കൈമാറുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) സഹായവും ഇവർ തേടിയിട്ടുണ്ട്.
'ക്യാപ്റ്റൻ സ്മിത് മച്ചാർ 174 ബ്രേവറി ടർബൻ' എന്ന് പേരിട്ട തലപ്പാവിൽ രാജസ്ഥാന്റെ വീരപാരമ്പര്യവും മേവാറിന്റെ സാംസ്കാരിക പൈതൃകവും വ്യോമയാനവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും സമന്വയിപ്പിച്ചിട്ടുണ്ട്. രാജസ്ഥാന്റെ ധൈര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി കാവിനിറവും ആകാശത്തിന്റെ പ്രതീകമായി ഇളം നീല നിറവും തലപ്പാവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. '174' എന്ന അക്കവും 'സാഹസ്' (ധൈര്യം) എന്ന വാക്കും തലപ്പാവിൽ പ്രത്യേകം ആലേഖനം ചെയ്തിട്ടുണ്ട്.
ഉദയ്പുരിലെ ഷാഹി താജ് എന്ന സ്ഥാപനത്തിലെ ജിനേഷ്, ജയന്ത് കോത്താരി എന്നിവരാണ് തലപ്പാവ് നിർമിച്ചത്. ക്യാപ്റ്റൻ മച്ചാറിന്റെ ധീരപ്രവൃത്തി തങ്ങളെ ഏറെ സ്വാധീനിച്ചെന്നും അദ്ദേഹത്തിന്റെ ധൈര്യവും ഇന്ത്യൻ വംശജനാണെന്ന അറിവും അഭിമാനം പകർന്നെന്നും ഇരുവരും വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പരമ്പരാഗത കരകൗശലവിദ്യയിലൂടെ അദ്ദേഹത്തെ ആദരിക്കണമെന്ന ആഗ്രഹമാണ് ഇതിനു പിന്നിലെന്നും അവർ വ്യക്തമാക്കി.
പ്രമുഖ വ്യക്തികളെ ആദരിക്കാനും വിശേഷാവസരങ്ങൾ അടയാളപ്പെടുത്താനും പ്രത്യേക തലപ്പാവുകൾ ഒരുക്കുന്ന ദീർഘമായ പാരമ്പര്യം മേവാറിനുണ്ട്. ഇതിന്റെ ഭാഗമായാണ് പരമ്പരാഗത 'ഭോപാൽഷാഹി' ശൈലിയിൽ തലപ്പാവ് രൂപകൽപന ചെയ്തത്.
നാല് മുതൽ അഞ്ച് ദിവസം വരെയെടുത്താണ് തലപ്പാവ് നിർമിച്ചതെന്ന് ജിനേഷ് പറഞ്ഞു. ആകാശത്ത് പ്രകടിപ്പിച്ച ധൈര്യത്തെ ആദരിക്കുന്നതിനായി വീര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും വ്യോമയാനത്തിന്റെയും പ്രതീകങ്ങൾ ഒന്നിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
തലപ്പാവ് ക്യാപ്റ്റൻ മച്ചാറിന് കൈമാറുന്നതിനായി പിഎംഒയ്ക്ക് കത്തയച്ചിട്ടുണ്ട്. ഫ്ലൈ ദുബായിയെയും ഇന്ത്യയിലെയും യുഎഇയിലെയും ബന്ധപ്പെട്ട അധികാരികളെയും സമീപിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. മേവാറിന്റെ ആദരം ക്യാപ്റ്റൻ മച്ചാറിന് സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ തലപ്പാവ് അദ്ദേഹത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രമുഖർക്കായി ഷാഹി താജ് നേരത്തെയും തലപ്പാവുകൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ക്യാപ്റ്റൻ മച്ചാറിന്റെ ധീരത ഈ ആദരത്തെ വ്യത്യസ്തമാക്കുന്നുവെന്ന് അവർ പറഞ്ഞു. അദ്ദേഹം ഈ തലപ്പാവ് അണിയുന്ന ദിവസം തങ്ങൾക്കു മാത്രമല്ല, മേവാർ മേഖലയ്ക്ക് ആകെ അഭിമാനനിമിഷമായിരിക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.