അഖിലേഷ് യാദവ്, യോഗി ആദിത‍്യനാഥ്

 
India

ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന യോഗി ആദിത‍്യനാഥിന്‍റെ ആരോപണം ശരിയല്ല; ന‍്യൂനപക്ഷങ്ങളെ നീക്കിയതാണ് പ്രശ്നമെന്ന് അഖിലേഷ് യാദവ്

ആദ‍്യ പരാമർശത്തിനു ശേഷം മുഖ‍്യമന്ത്രി തന്‍റെ അവകാശവാദം ആവർത്തിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടാകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു

Aswin AM

ലഖ്നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ നീക്കിയെന്ന മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥിന്‍റെ ആരോപണം ശരിയല്ലെന്ന് സമാജ്‌വാദി പാർട്ടി അധ‍്യക്ഷൻ അഖിലേഷ് യാദവ്. പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ന‍്യൂനപക്ഷങ്ങൾ എന്നിവരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതാണ് യഥാർഥ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ആദ‍്യ പരാമർശത്തിനു ശേഷം മുഖ‍്യമന്ത്രി തന്‍റെ അവകാശവാദം ആവർത്തിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടാകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിനെ പറ്റി ഇനി പരാമർശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അദ്ദേഹത്തോട് ആവശ‍്യപ്പെട്ടെന്നും അല്ലാത്ത പക്ഷം സഹായിക്കാൻ തങ്ങൾക്കാവില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതാണ് സത‍്യമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

'നിങ്ങൾ ഉത്തർപ്രദേശിലെ ഏറ്റവും ശക്തനായ ഒരാളാണെന്ന് വിചാരിക്കുക. നിങ്ങൾക്ക് ബുൾഡോസറുകളോട് ഒരു പ്രത‍്യേക തരം ഇഷ്ടമുണ്ടെന്നും കരുതുക. അങ്ങനെയെങ്കിൽ ബുൾഡോസറുകളുടെ സ്റ്റിയറിങ് മുഖ‍്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ തിരിക്കണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്'. അഖിലേഷ് യാദവ് മാധ‍്യമങ്ങളോട് പറഞ്ഞു. അതേസമയം, വോട്ടർമാരുടെ മതമോ ജാതിയോ അടിസ്ഥാനമാക്കിയുള്ള യാതൊരു രേഖകളും തെരഞ്ഞെടുപ്പ് കമ്മിഷൻ സൂക്ഷിക്കാറില്ലെന്ന് നേരത്തെ സംസ്ഥാന മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ നവദീപ് റിൻവ വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി അഖിലേഷ് യാദവും രംഗത്തെത്തിയിരിക്കുന്നത്.