പ്രതീകാത്മക ചിത്രം
ബൽറാംപൂർ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ കനത്ത മൂടൽമഞ്ഞിനിടെ രണ്ട് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബൽറാംപൂർ-ഉത്രൗള റോഡിൽ അക്ഷി ബർഹാര ഗ്രാമത്തിന് സമീപം ബുധനാഴ്ച അർധരാത്രിയായിരുന്നു സംഭവം.
മുഹമ്മദ് ഫാറൂഖ് (18), സലീം (18), ഗുഫ്റാൻ (17), തൗഫീഖ് (19), ഫസൽ മുഹമ്മദ് (23) എന്നിവരാണ് മരിച്ചത്. ഛപ്പർ തൽവ, ഗൗരിവൻ ദീഹ് ഗ്രാമവാസികളാണ് ഇവർ. മുജമ്മിൽ (22), നാഹിദ് റാസ (21) എന്നിവർക്കാണ് പരുക്കേറ്റത്.
ബൈക്കുകൾ കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് മാർത്താണ്ഡ് പ്രകാശ് സിങ് പറഞ്ഞു.
യുവാക്കളെ ഉത്രൗള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മൂടൽമഞ്ഞ് അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചിരിക്കാമെന്ന് പൊലീസ് പറഞ്ഞു.
ശൈത്യകാലത്ത് ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കാരണം വാഹനാപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്.