അമിത് ഷാ
file image
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.
മതത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കരുത് രാജ്യത്തെ നിയമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി തുടങ്ങി എല്ലാ മതവിഭാഗങ്ങൾക്കും ഒരേനിയമം ബാധകമാക്കണമെന്നാണ് ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.
ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഏകീകൃത സിവിൽ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ബിജെപി സർക്കാരുകളുള്ള സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിനകം ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി ബിജെപി/എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അമിത് ഷാ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.