അഗ്നിവീറുകളുടെ സേവനകാലാവധി രണ്ട് വർഷം കൂടി നീട്ടും

 
India

അഗ്നിവീറുകളുടെ സേവന കാലാവധി രണ്ട് വർഷം കൂടി നീട്ടും

ആദ്യ ബാച്ചിൽപ്പെട്ട 75 ശതമാനം അഗ്നിവീറുകൾ (ഏകദേശം 18,000 പേർ) നാല് വർഷത്തെ സേവനം പൂർത്തിയാക്കി സേനയിൽ നിന്ന് പുറത്തുപോകാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ പ്രഖ്യാപനം

Sarath Nath MS

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സായുധ സേനകളിൽ നിയമിതരാകുന്ന അഗ്നിവീറുകളുടെ സേവനകാലാവധി രണ്ട് വർഷം കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ നിലവിലുള്ള നാല് വർഷത്തെ സേവനകാലാവധി ആറ് വർഷമായി ഉയരും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

ആദ്യ ബാച്ചിൽപ്പെട്ട 75 ശതമാനം അഗ്നിവീറുകൾ (ഏകദേശം 18,000 പേർ) നാല് വർഷത്തെ സേവനം പൂർത്തിയാക്കി സേനയിൽ നിന്ന് പുറത്തുപോകാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ പ്രഖ്യാപനം. അഗ്നിവീറുകൾക്ക് സായുധസേനകളിൽ തുടരാനുള്ള അവസരം നൽകുമെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി അറിയിച്ചു. എന്നാൽ, പ്രകടനവും അതിന്‍റെ വിലയിരുത്തലും അടിസ്ഥാനമാക്കിയായിരിക്കും തുടർസേവനത്തിനുള്ള അവസരം.

പദ്ധതി ആരംഭിച്ച കാലംമുതൽ തന്നെ ഇതിന്‍റെ പ്രവർത്തനം വിലയിരുത്തുമെന്ന് വ്യക്തമാക്കിയിരുന്നതായി ജനറൽ സുബ്രഹ്മണി പറഞ്ഞു. ഓരോ വർഷവും അഗ്നിവീറുകളുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് രണ്ട് വർഷത്തെ സേവനവിപുലീകരണത്തിന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

2022-ലാണ് സായുധ സേനകളുടെ ശരാശരി പ്രായം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ നാല് വർഷത്തേക്കാണ് അഗ്നിവീറുകളെ നിയമിക്കുന്നത്. നാല് വർഷത്തെ സേവനത്തിനുശേഷം 25 ശതമാനം പേരെ സേനയിൽ നിലനിർത്താനായിരുന്നു നിലവിലെ വ്യവസ്ഥ.

ഹ്രസ്വകാല സേവനകാലാവധിയെച്ചൊല്ലി പദ്ധതി വിമർശനം നേരിട്ടിരുന്നു. നാല് വർഷത്തിനുശേഷം സേനയിൽ നിന്ന് പുറത്തുപോകുന്ന അഗ്നിവീറുകൾക്ക് തൊഴിൽസാധ്യത ഉറപ്പാക്കുന്നതിനായി ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സർവീസുകളിൽ സംവരണവും പ്രഖ്യാപിച്ചിരുന്നു.