ജെഫ്രി എപ്സ്റ്റീനൊപ്പം കൂടിക്കാഴ്ച നടത്തുന്ന കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി
ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര അടക്കമുള്ളവർ ഇതിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചിട്ടുണ്ട്. എപ്സ്റ്റീനുമൊത്തുള്ള കൂടിക്കാഴ്ചയിൽ വ്യക്തത വരുത്തണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.
എന്നാൽ എപ്സ്റ്റീനുമൊത്തുള്ള കൂടിക്കാഴ്ച കേവലം ഔദ്യോഗിക പശ്ചാത്തലത്തിലുള്ളതായിരുന്നുവെന്നും യാതൊരുവിധ തെറ്റായ പ്രവർത്തനങ്ങളിലും താൻ പങ്കാളിയല്ലെന്നുമായിരുന്നു നേരത്തെ കേന്ദ്രമന്ത്രി പ്രതികരിച്ചിരുന്നത്.
മേക്ക് ഇൻ ഇന്ത്യയെ കുറിച്ചാണ് താൻ അന്ന് കൂടിക്കാഴ്ചയിൽ സംസാരിച്ചതെന്നും എപ്സ്റ്റീന്റെ പ്രവർത്തനങ്ങളിൽ തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി 14 തവണ കൂടിക്കാഴ്ച നടത്തിയിരുന്നതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.