അസദുദ്ദീൻ ഒവൈസി
സഹാരൻപുർ: സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് ഗാർഡ് ഓഫ് ഓണർ നൽകി ഉത്തർപ്രദേശിലെ പൊലീസ് ഉദ‍്യോഗസ്ഥർ. സഹാരൻപുരിലെ സർക‍്യൂട്ട് ഹൗസിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തിൽ അന്വേഷണമാരംഭിച്ചു. ജഡ്ജി സർക‍്യൂട്ട് ഹൗസിലെത്തുമെന്നതിനാൽ രാവിലെ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ ഒവൈസി സ്ഥലത്തെത്തിയപ്പോൾ ജഡ്ജി എത്തിയിരുന്നില്ല. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ‍്യോഗസ്ഥർ ഒവൈസിക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയായിരുന്നു. തുടർന്ന് എഴുന്നേറ്റ് നിന്ന് ഒവൈസി സല‍്യൂട്ട് സ്വീകരിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായല്ല ഒവൈസി സർക‍്യൂട്ട് ഹൗസ് സന്ദർശിച്ചതെന്നും അപ്രതീക്ഷിതമായാണ് അദ്ദേഹം അവിടെ എത്തിയതെന്നുമാണ് വിവരം. ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദിനൊപ്പമാണ് ഒവൈസി ജില്ലയിലെത്തിയത്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർത്താസമ്മേളനം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇരുനേതാക്കളും സഹാറൻപുരിലെത്തിയത്. സംഭവത്തിൽ അന്വേഷണത്തിലൂടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി.