മാത്യു വാൻ ഡൈക്ക്
file photo
ന്യൂഡൽഹി: സാധുവായ യാത്രാരേഖകളില്ലാതെ മ്യാൻമർ വഴി ഇന്ത്യയിലെത്തിയെന്ന കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത യുഎസ് പൗരൻ മാത്യു ആരോൺ വാൻ ഡൈക്ക് വെളിപ്പെടുത്തലുമായി രംഗത്ത്. തനിക്കും ആറ് യുക്രെയ്ൻ പൗരന്മാർക്കും ആറ് മാസത്തിലേറെ ഇന്ത്യൻ ജയിലിൽ കഴിയേണ്ടിവന്നത് യുക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധത്തിന്‍റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു. വരും മാസങ്ങളിൽ കേസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിടുമെന്നും വാൻ ഡൈക്ക് എക്സിൽ കുറിച്ചു.
മാർച്ചിൽ മ്യാൻമർ വഴി ഇന്ത്യയിലെത്തിയെന്നാരോപിച്ചാണ് വാൻ ഡൈക്കിനെയും ആറ് യുക്രെയ്ൻ പൗരന്മാരെയും എൻഐഎ അറസ്റ്റ് ചെയ്തത്. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്റ്റ് പ്രകാരമുള്ള നടപടികളിൽ നിന്ന് കുറ്റവിമുക്തരാക്കിയതിന് പിന്നാലെ ഇവർക്ക് സ്വന്തം രാജ്യങ്ങളായ യുഎസിലേക്കും യുക്രെയ്‌നിലേക്കും ഒരു മാസത്തേക്ക് പോകാൻ ഡൽഹി കോടതി അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെ വീണ്ടും ജാമ്യം നീട്ടി നൽകി.
സെപ്റ്റംബർ 25ലെ ഉത്തരവിൽ, വിദേശയാത്രയ്ക്കുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് പ്രത്യേക എൻഐഎ കോടതി ജഡ്ജി പ്രശാന്ത് ശർമ നിരീക്ഷിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമുള്ള അന്വേഷണം തുടരുകയാണെങ്കിലും സമീപഭാവിയിൽ പ്രതികളുടെ ശാരീരിക സാന്നിധ്യം ആവശ്യമില്ലെന്ന് എൻഐഎ അറിയിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മാർച്ച് 13നാണ് മിസോറം അതിർത്തി വഴി മ്യാൻമറിൽ നിന്ന് ഇന്ത്യയിലെത്തിയെന്ന് ആരോപിച്ച് എൻഐഎ ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യയിലും മ്യാൻമറിലുമുള്ള വംശീയ സായുധസംഘങ്ങൾക്ക് സഹായം നൽകുന്നതുൾപ്പെടെയുള്ള വലിയ ഗൂഢാലോചനയിൽ സംഘം പങ്കാളികളായിരുന്നുവെന്നാണ് എൻഐഎയുടെ ആരോപണം. ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകുന്നതും ഇതിൽ ഉൾപ്പെട്ടിരുന്നുവെന്ന് അന്വേഷണ ഏജൻസി ആരോപിച്ചു.