ഋഷികേശ് എയിംസ്

 
India

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മൃതദേഹങ്ങൾ വീണ്ടെടുത്ത് ഋഷികേശ് എയിംസിലേക്ക് മാറ്റി

റോഡ് മാർഗം ജോഷിമഠിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ച മൃതദേഹങ്ങൾ പിന്നീട് ഹെലികോപ്റ്റർ മാർഗം ഋഷികേശ് എയിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു

Sarath Nath MS

ചമോലി: ഉത്തരാഖണ്ഡിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുത്ത് ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ചയാണ് ആറ് പേരുടെയും മൃതദേഹങ്ങൾ മാറ്റിയതെന്ന് ചമോലി ജില്ലാ ഭരണകൂടം അറിയിച്ചു.

വെള്ളിയാഴ്ചയാണ് ബദരീനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ ജോഷിമഠിന് സമീപത്തെ ചായ് ഗ്രാമത്തിലെ മലഞ്ചെരിവിൽ തകർന്നുവീണ് പൈലറ്റ് അടക്കം ആറ് പേർ മരിച്ചത്. തുടർന്ന് കരസേന, ഐടിബിപി, എസ്‌ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം, വനംവകുപ്പ് എന്നിവ സംയുക്തമായി നടത്തിയ തീവ്രമായ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തി വീണ്ടെടുക്കാൻ സാധിച്ചത്.

ഉയർന്ന പർവത മേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ചായിരുന്നു തെരച്ചിൽ. രക്ഷാപ്രവർത്തകർ കാൽനടയായാണ് മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്ന് പുറത്തെത്തിച്ചത്. തുടർന്ന് റോഡ് മാർഗം ജോഷിമഠിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ച മൃതദേഹങ്ങൾ പിന്നീട് ഹെലികോപ്റ്റർ മാർഗം ഋഷികേശ് എയിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഡൽഹി സ്വദേശിയാണ് അപകടത്തിൽ മരിച്ച പൈലറ്റ്. ബെംഗളൂരു സ്വദേശികളാണ് മറ്റ് അഞ്ച് പേർ.