ബ്രിട്ടനിലെ നോർതാംപ്ടൺഷയറിലുള്ള സിൽവർസ്റ്റോൺ റേസിങ് സർക്യൂട്ടിൽ വച്ച് വിജയ്‌യും അജിത്തും തമ്മിൽ കണ്ടുമുട്ടിയപ്പോൾ

 
India

സിൽവർസ്റ്റോണിൽ വിജയ്-അജിത് സ്നേഹാലിംഗനം; ആവേശത്തിൽ ആരാധകർ

റേസിങ് മത്സരം ഫ്ലാഗ് ഓഫ് ചെയ്യാൻ വിശിഷ്ടാതിഥിയായി വിജയ് എത്തിയവേളയിലാണ് ഇരുവരും തമ്മിൽ കണ്ടത്

Sarath Nath MS

ചെന്നൈ: വേഗത്തിന്‍റെ പോരാട്ടങ്ങൾക്ക് വേദിയായിട്ടുള്ള സിൽവർസ്റ്റോൺ റേസിങ് സർക്യൂട്ട് വ്യത്യസ്തമായൊരു കൂടിക്കാഴ്ചയ്ക്കും സാക്ഷിയായി. മൂന്ന് പതിറ്റാണ്ടായി തമിഴ് സിനിമയിലെ ഏറ്റവും വലിയ ആരാധക വൈരത്തിന്‍റെ കേന്ദ്രബിന്ദുക്കളായിരുന്ന മുഖ്യമന്ത്രി ജോസഫ് വിജയ്‌യും അജിത് കുമാറും ബ്രിട്ടനിലെ നോർതാംപ്ടൺഷയറിലുള്ള സിൽവർസ്റ്റോണിൽ പരസ്പരം ആലിംഗനം ചെയ്തതാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ശനിയാഴ്ച നടന്ന മത്സരം ഫ്ലാഗ് ഓഫ് ചെയ്യാൻ വിശിഷ്ടാതിഥിയായി വിജയ് എത്തിയവേളയിലാണ് ഇരുവരും തമ്മിൽ കണ്ടത്.

ബ്രൗൺ ജാക്കറ്റണിഞ്ഞ വിജയ്, റേസിങ് സ്യൂട്ടിലായിരുന്ന അജിത്തിന്‍റെ അടുത്തേക്ക് ഓടിയെത്തി ഇരുകൈകളും നീട്ടി അദ്ദേഹത്തെ സ്നേഹപൂർവം ആലിംഗനം ചെയ്യുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇരുവരുടെയും ആരാധകരും ഏറ്റെടുത്തു.

മൂന്ന് പതിറ്റാണ്ടായി തമിഴ്നാട്ടിൽ ‘ദളപതി’, ‘തല’ എന്നീ വിശേഷണങ്ങളിലൂടെ ആരാധകർ ഏറ്റെടുത്ത താരങ്ങളാണ് വിജയ്‌യും അജിത്തും. ബോക്സ് ഓഫീസ് ഏറ്റുമുട്ടലുകളും ആരാധകർക്കിടയിലെ ഓൺലൈൻ പോരുകളും ഇരുവരുടെയും പേരുകൾ തമ്മിലുള്ള മത്സരത്തെ കൂടുതൽ ശക്തമാക്കിയിരുന്നു. എന്നാൽ സിൽവർസ്റ്റോണിലെ കൂടിക്കാഴ്ചയിൽ ആ വേർതിരിവുകളെല്ലാം മറന്ന് ഇരുവരും സൗഹൃദം പ്രകടിപ്പിച്ചു.

തമിഴ്നാട്ടിലെ നിർദിഷ്ട മോട്ടോർ സ്പോർട്സ് സിറ്റിക്കായി വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ലോകോത്തര കായിക സൗകര്യങ്ങൾ പരിശോധിക്കുന്നതിനുമായി ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായാണ് വിജയ് യുകെയിൽ എത്തിയത്. മിഷലിൻ ലെ മാൻസ് കപ്പിന്‍റെ ഔദ്യോഗിക അതിഥിയായി എത്തിയ അദ്ദേഹം 44 കാറുകൾ അണിനിരന്ന മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.

അജിത്തും മത്സരത്തിൽ പങ്കെടുത്തു. തന്‍റെ ടീമായ ‘അജിത്ത് റെഡ് ആന്‍റ് ബൈ വിരാജ്’ എന്ന ടീമിനായി എൽഎംപി3 പ്രോ/ആം വിഭാഗത്തിലാണ് അദ്ദേഹം മത്സരിച്ചത്.

സിൽവർസ്റ്റോണിലെത്തിയതിന് വിജയ്‌യോട് നന്ദി അറിയിച്ച അജിത്, സിനിമാ മേഖലയിൽ തങ്ങൾ 34 വർഷമായി സഹപ്രവർത്തകരാണെന്ന് പറഞ്ഞു. വിജയ്‌യുടെ പുതിയ യാത്രയിൽ സന്തോഷമുണ്ടെന്നും ചെന്നൈയിൽ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സും നേരിട്ട് മനസിലാക്കാൻ അദ്ദേഹത്തിന് സിൽവർസ്റ്റോൺ സന്ദർശനം സഹായിക്കുമെന്നും അജിത്ത് വ്യക്തമാക്കി. ഇന്ത്യയിൽ തന്നെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് കാണണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് പതിറ്റാണ്ടിലേറെ സിനിമയിൽ തിളങ്ങിയ വിജയ് പൂർണസമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. അതേസമയം, ‘ബില്ല’, ‘മങ്കാത്ത’, ‘തുനിവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജിത് പ്രൊഫഷണൽ മോട്ടോർ സ്പോർട്സിനോടുള്ള തന്‍റെ ദീർഘകാല താൽപര്യം പിന്തുടരുകയാണ്. ഒരാൾ സംസ്ഥാനത്തിന്‍റെ ഭരണചുമതലയിലേക്കും മറ്റൊരാൾ റേസിങ് ട്രാക്കിലേക്കും മാറിയെങ്കിലും "ദളപതിയും' "തലയും' തമ്മിലുള്ള പരസ്പര ബഹുമാനം മാറ്റമില്ലാതെ തുടരുകയാണെന്ന സന്ദേശമാണ് കൂടിക്കാഴ്ച നൽകിയത്.

നടിമാരായ തൃഷ കൃഷ്ണൻ, രാധിക ശരത്കുമാർ തുടങ്ങിയ പ്രമുഖ കോളിവുഡ് താരങ്ങളും സിൽവർസ്റ്റോൺ സർക്യൂട്ടിൽ മത്സരം കാണാനെത്തി.

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

"ഞാൻ മനസ്സിലാക്കിയ കമ്മ്യൂണിസം ഇതായിരുന്നില്ല, വിശ്വസിച്ച് ഒപ്പം നിന്നിട്ടും..."; സിപിഎം ബന്ധം ഉപേക്ഷിച്ച് അനിൽ വി. നാഗേന്ദ്രൻ

ബ്രിക്സ് ഉച്ചകോടി; ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരേ വിമർശനവുമായി കോൺഗ്രസ്

240 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ കാണാതായി

"സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ഞാൻ ജോലി നൽകി"; വെളിപ്പെടുത്തലുമായി ജി. സുധാകരൻ