വിജയ്, തൃഷ

 

File photo

India

തൃഷയെക്കുറിച്ച് അപകീർത്തികരമായ പരാമർശം; ഉദയനിധിക്കെതിരേ വനിതാ കമ്മീഷനെ സമീപിച്ച് വിജയുടെ ടിവികെ

തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷക്കെതിരേ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജോസഫ് വിജയുടെ തമിഴക വെട്രി കഴകം

MV Desk

ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷക്കെതിരേ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജോസഫ് വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) ദേശീയ വനിതാ കമ്മീഷനെ (NCW) സമീപിച്ചു. ഉദയനിധിയുടെ പരാമർശങ്ങൾ തികച്ചും അസ്വസ്ഥത ഉളവാക്കുന്നതും അപലപനീയവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടിവികെ പരാതി നൽകിയത്. ഡിഎംകെ നേതാവിന്‍റെ പരാമർശങ്ങൾക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്.

തിങ്കളാഴ്ച തഞ്ചാവൂരിൽ കാവേരി തർക്കവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കവെയാണ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രി യാതൊരു കുലുക്കവുമില്ലാതിരിക്കുമ്പോൾ തമിഴ്നാടിന് കാവേരി വെള്ളത്തിന്‍റെ ഒരു തുള്ളി പോലും കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ഇതിനിടയിൽ സദസിൽ നിന്നുയർന്ന 'തൃഷ, തൃഷ' എന്ന വിളി ഉദയനിധിയുടെ പ്രസംഗം വഴിതിരിച്ചുവിട്ടു. പ്രസംഗം നിർത്തിവച്ച് പുഞ്ചിരിയോടെ അദ്ദേഹം നടത്തിയ അശ്ലീലച്ചുവയുള്ള മറുപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

ഒരു പ്രമുഖ നടിയെ ലക്ഷ്യമിട്ട് ഉദയനിധി സ്റ്റാലിൻ അശ്ലീലച്ചുവയുള്ളതും അവഹേളനപരവുമായ പരാമർശങ്ങളാണ് നടത്തിയതെന്ന് ദേശീയ വനിതാ കമ്മീഷനു നൽകിയ പരാതിയിൽ ടിവികെ ചൂണ്ടിക്കാട്ടി. ഉന്നതമായ രാഷ്ട്രീയ വേദിയിൽ നിന്ന് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്നതിനും വാക്കാലുള്ള പീഡനങ്ങൾ സാമാന്യവത്കരിക്കുന്നതിനും ഇടയാക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പൊതുപ്രവർത്തകർ പാലിക്കേണ്ട മാന്യതയ്ക്ക് എതിരാണ് ഈ പരാമർശങ്ങളെന്നും, സംഭവത്തിൽ കമ്മീഷൻ ഉദയനിധി സ്റ്റാലിന് നോട്ടീസ് അയക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ നടത്തിയതിന് ഡിഎംകെ നേതാവ് നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്നും ടിവികെ ആവശ്യപ്പെട്ടു. കൂടാതെ, സ്ത്രീകളുടെ മാന്യതയ്ക്ക് കളങ്കം വരുത്തിയതിന് പ്രതിപക്ഷ നേതാവിനെതിരേ പോലീസ് കേസെടുക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.

ഉദയനിധിയുടെ പ്രസംഗത്തിനെതിരേ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പരാമർശം തികച്ചും അപലപനീയമാണെന്നും, ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ സംസ്കാരത്തിന്‍റെ തകർച്ചയാണ് കാണിക്കുന്നതെന്നും ടിവികെ എംഎൽഎ രേവന്ത് ചരൺ പ്രതികരിച്ചു.

ഉദയനിധി സ്റ്റാലിൻ

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്ന് തമിഴ്നാട് ബിജെപി മുഖ്യ വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. അമ്മയും ഭാര്യയും മകളുമുള്ള ഒരാളും ഇത്രയും അശ്ലീലമായി സംസാരിക്കില്ലെന്നും, 'ദ്രാവിഡ മോഡൽ' എന്ന് അവകാശപ്പെടുന്നവർ പരസ്യമായി ഇങ്ങനെ സംസാരിക്കുമ്പോൾ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലും രാഷ്ട്രീയത്തിലും വിജയുമായി ബന്ധപ്പെട്ട കിംവദന്തികൾ പ്രചരിച്ചതുമുതൽ നടി തൃഷ പലതവണ ഇത്തരം മോശം പരാമർശങ്ങൾക്ക് ഇരയായിട്ടുണ്ട്. ഈ വർഷത്തിന്‍റെ തുടക്കത്തിൽ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനും ഇതുപോലെയുള്ള വിവാദ പരാമർശങ്ങൾ നടത്തിയിരുന്നത് വലിയ ചർച്ചയായിരുന്നു.

''ഫ്രീയായി ബസിൽ പോകാൻ തള്ളിക്കയറുന്ന സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നു'', പ്രിയദർശിനി യാത്രയെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി | Video

''കരാറിൽ‌ ഒപ്പുവച്ച് കീഴടങ്ങണം, അല്ലെങ്കിൽ ഇറാനെതിരേ സൈനിക നടപടി''; മുന്നറിയിപ്പുമായി ട്രംപ്

യുവാക്കളുടെ ആവശ‍്യങ്ങൾ നേരിട്ടറിയാൻ രാജ‍്യവ‍്യാപക പര‍്യടനം നടത്താനൊരുങ്ങി സിജെപി

അസമിലെ പ്രളയക്കെടുതി; മരണസംഖ‍്യ 87 ആയി, വിവിധ ജില്ലകളിലായി 55 ദുരിതാശ്വാസ ക‍്യാംപുകൾ

ഇറാനിൽ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്‍റിന് ഖമനേയിയുടെ അന്ത്യശാസനം