ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി; സുവേന്ദു, വിജയ് സർക്കാരുകൾക്ക് നിർണായകം
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ബംഗാളിലെ നന്തിഗ്രാം, റെജിനഗർ, തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിലെ തട്ടാൻചാവടി എന്നീ നിയമസഭാ മണ്ഡലങ്ങളിലും അസമിലെ നാഗോൻ ലോക്സഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഈ വർഷം മേയിൽ ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തിയശേഷം സംസ്ഥാനത്ത് പാർട്ടി നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണമാണിത്. സമാന സ്ഥിതിയാണ് തമിഴ്നാട്ടിലും. ജോസഫ് വിജയ് സർക്കാർ അധികാരത്തിൽ എത്തിയശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണിത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം തപാൽ വോട്ടുകൾ എണ്ണിയശേഷം ഇവിഎമ്മുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. രണ്ട് ഹാളുകളിലായാണ് ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണൽ നടക്കുന്നത്. തപാൽ വോട്ടുകൾ എണ്ണാൻ പ്രത്യേക ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്.
294 അംഗ നിയമസഭയിൽ 207 സീറ്റുകൾ ബിജെപി നേടിയതിനാൽ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്‍റെ നിലനിൽപ്പിനെ ബാധിക്കില്ല. എന്നാൽ 15 വർഷം നീണ്ട തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലെത്തിയ ബിജെപിയുടെ പ്രകടനം വിലയിരുത്താൻ ഫലം നിർണായകമാകും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ ഇരു മണ്ഡലങ്ങളിലും ഏകദേശം 80 ശതമാനം പോളിങ് രേഖപ്പെടുത്തി. നന്തിഗ്രാമിൽ 80.89 ശതമാനവും റെജിനഗറിൽ 80.08 ശതമാനവുമായിരുന്നു പോളിങ്. വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തിയത്. എന്നാൽ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നെന്നും തങ്ങളുടെ പോളിങ് ഏജന്‍റുമാരെ പുറത്താക്കിയെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.