തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നടൻ അജിത് കുമാറിനൊപ്പം റേസിങ് വേദിയിൽ

 
India

‘സുഹൃത്ത് അജിത്തിന്‍റെ കാർ റേസ് കാണാൻ പോയി’; വിജയ്‌യുടെ യുകെ സന്ദർശനത്തെ പരിഹസിച്ച് ഡിഎംകെ

സംസ്ഥാനത്ത് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇപ്പോൾ നിക്ഷേപം ആകർഷിക്കുന്നതിന് അത്ര തിരക്കില്ലെന്നും ഡിഎംകെ

Sarath Nath MS

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ യുകെ സന്ദർശനത്തെ വിമർശിച്ച് പ്രതിപക്ഷമായ ഡിഎംകെ. ലണ്ടനിൽ നിക്ഷേപം ആകർഷിക്കാനാണ് പോയതെന്ന് വിജയ് പറയുമ്പോഴും സുഹൃത്തും നടനുമായ അജിത് കുമാറിന്‍റെ കാർ റേസ് കാണാനാണ് പോയതെന്ന് എല്ലാവരും കണ്ടതാണെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പരിഹസിച്ചു.

യുകെയിലെ സിൽവർസ്റ്റോണിൽ നടന്ന 2026 മിഷലിൻ ലെ മാൻസ് കപ്പ് മത്സരം വിജയ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. മത്സരത്തിന്‍റെ അഞ്ചാം റൗണ്ടിലാണ് അജിത് കുമാർ പങ്കെടുത്തത്. മത്സരത്തിന് മുന്നോടിയായി സിൽവർസ്റ്റോണിൽ വിജയ് അജിത്തിനെ ഓടിയെത്തി ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടെയും ആരാധകർ ഏറ്റെടുത്ത ഈ കൂടിക്കാഴ്ചയാണ് ഡിഎംകെയുടെ വിമർശനത്തിന് കാരണമായത്.

“ലണ്ടനിൽ നിന്ന് നിക്ഷേപം കൊണ്ടുവരാനാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സുഹൃത്ത് അജിത്തിന്‍റെ കാർ റേസ് കാണാനാണ് പോയതെന്ന് എല്ലാവരും കണ്ടു”- ഡിഎംകെ വക്താവ് ഇളങ്കോവൻ പറഞ്ഞു. സംസ്ഥാനത്ത് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇപ്പോൾ നിക്ഷേപം ആകർഷിക്കുന്നതിന് അത്ര തിരക്കില്ലെന്നും ഡിഎംകെ എംഎൽഎ മാർക്കണ്ഡേയൻ വിമർശിച്ചു.

അതേസമയം ഡിഎംകെയുടെ വിമർശനം വിജയ്‌യുടെ പാർട്ടിയായ ടിവികെ തള്ളി. സുഹൃത്തിനെ സന്ദർശിക്കുന്നതിൽ തെറ്റില്ലെന്നും അജിത്തിനെപ്പോലൊരു പ്രമുഖ താരത്തെ തമിഴ്നാട് മുഖ്യമന്ത്രി സന്ദർശിക്കുന്നത് ‘ബ്രാൻഡ് തമിഴ്നാടി’ന്‍റെ മൂല്യം ഉയർത്തുമെന്നും ടിവികെ വക്താവ് അമെരിക്കൈ വി. നാരായണൻ പറഞ്ഞു.

തമിഴ്നാട്ടിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ലോകോത്തര മോട്ടോർ സ്പോർട്സ് സിറ്റിയുടെ സാധ്യതകൾ പരിശോധിക്കുന്നതും വിജയ്‌യുടെ യുകെ സന്ദർശനത്തിന്‍റെ ഭാഗമാണ്. മോട്ടോർസ്പോർട്സ് അടിസ്ഥാനസൗകര്യം, സ്പോർട്സ് ടൂറിസം, ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ എന്നിവയുടെ സാധ്യതകൾ പഠിക്കുകയാണ് യാത്രയുടെ ലക്ഷ്യം. റേസിങ് ട്രാക്കിൽ മാത്രം ഒതുങ്ങാതെ ഓട്ടോമൊബൈൽ നിർമാണം, സാങ്കേതികവിദ്യ, വിനോദം, ടൂറിസം എന്നിവയുമായി ബന്ധിപ്പിച്ച വാണിജ്യപരമായ ഒരു മോട്ടോർ സ്പോർട്സ് മേഖലയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

വനിതാ പൊലീസിനെ ആക്രമിച്ചു; പീഡനകേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

ബിരിയാണി പാചകം ചെയ്യുന്ന ഗണപതിയുടെ ചിത്രം പരസ്യത്തിൽ; ഹോട്ടൽ ഉടമ അറസ്റ്റിൽ

അപൂർവ രോഗത്തെ അതിജീവിച്ച് വികാരനിർഭരമായ തിരിച്ചുവരവുമായി ടൈറ്റാനിക് ഗായിക സെലിൻ ഡിയോൺ