പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി.
File photo
കൊൽക്കത്ത, പശ്ചിമ ബംഗാൾ - വെസ്റ്റ് ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കി മാറ്റാനുള്ള പ്രമേയം ഡിസംബർ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
കൊൽക്കത്ത: വെസ്റ്റ് ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' (Paschim Banga) എന്നാക്കി മാറ്റാനുള്ള പ്രമേയം അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഡിസംബർ നാലിന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ, ഡിസംബർ ഒമ്പതിനായിരിക്കും പ്രമേയം സഭയിൽ വെക്കുക. സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
നിയമസഭ പ്രമേയം പാസാക്കിയ ശേഷം കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി അയച്ചുകൊടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ, ഔദ്യോഗിക രേഖകളിലും ഭരണപരമായ വിവരങ്ങളിലും ഇംഗ്ലീഷിലും സംസ്ഥാനത്തിന്റെ പേര് 'പശ്ചിം ബംഗ' എന്നായിരിക്കും രേഖപ്പെടുത്തുക. ഇതോടെ 'വെസ്റ്റ് ബംഗാൾ' എന്ന ഇംഗ്ലിഷ് പേരിന് അവസാനമാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള നീക്കം പുതിയതല്ല. ഇടതുമുന്നണി സർക്കാരിന്റെ കാലത്തും തുടർന്ന് മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലും ഇതിനായി നിയമസഭയിൽ പ്രമേയങ്ങൾ പാസാക്കിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാൽ നടപടികൾ പൂർത്തിയായിരുന്നില്ല. നിലവിൽ സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാർട്ടി അധികാരത്തിലുള്ളതിനാൽ ഇത്തവണ തടസങ്ങൾ കുറവായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇംഗ്ലീഷിൽ 'ഡബ്ല്യു' (W) എന്ന അക്ഷരത്തിൽ തുടങ്ങുന്നതിനാൽ അക്ഷരമാലാ ക്രമത്തിൽ സംസ്ഥാനത്തിന്റെ പേര് അവസാന ഭാഗത്താണ് വരുന്നത്. ഡൽഹിയിൽ നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗങ്ങളിലും മറ്റ് അഖിലേന്ത്യാ സമ്മേളനങ്ങളിലും പേരിന്റെ ക്രമമനുസരിച്ച് അവസാനമായാണ് ബംഗാളിന് സംസാരിക്കാൻ അവസരം ലഭിക്കാറുള്ളത്. ഈ ഭരണപരമായ ബുദ്ധിമുട്ട് കൂടി പരിഹരിക്കാനാണ് പുതിയ നീക്കമെന്ന് അധികൃതർ പറയുന്നു.
1999 ജൂലൈ 20-ന് ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് 'പശ്ചിം ബംഗ' എന്ന പേരിനെക്കുറിച്ച് നിയമസഭയിൽ ചർച്ച നടന്നിരുന്നു. 2011-ൽ അധികാരത്തിൽ വന്ന മമത ബാനർജി സർക്കാർ സെപ്റ്റംബർ രണ്ടിന് ഇംഗ്ലീഷിലും 'പശ്ചിം ബംഗ' എന്ന് മാറ്റണമെന്ന് ശുപാർശ ചെയ്യുന്ന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചു. തുടർന്ന് 2016 ഓഗസ്റ്റ് 29-ന് ബംഗാളിയിൽ 'ബംഗ്ല', ഇംഗ്ലീഷിൽ 'ബംഗാൾ', ഹിന്ദിയിൽ 'ബംഗാൾ' എന്നിങ്ങനെ മൂന്ന് ഭാഷകളിൽ മൂന്ന് പേരുകൾ നിർദ്ദേശിക്കുന്ന പ്രമേയം പാസാക്കി. എന്നാൽ മൂന്ന് ഭാഷകളിൽ വ്യത്യസ്ത പേരുകൾ ഭരണഘടനാപരമായി അനുവദനീയമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇതിനെത്തുടർന്ന് 2018 ജൂലൈ 26-ന് എല്ലാ ഭാഷകളിലും 'ബംഗ്ല' എന്ന് മാറ്റാനുള്ള പ്രമേയം പാസാക്കിയെങ്കിലും പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടില്ല. അയൽരാജ്യമായ ബംഗ്ലാദേശിന്റെ പേരുമായി സാമ്യമുള്ളതിനാൽ അന്താരാഷ്ട്ര തലത്തിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിഭജനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി ബംഗാൾ ബിജെപിയിലെ ഒരു വിഭാഗവും 'ബംഗ്ല' എന്ന പേരിനെ എതിർത്തിരുന്നു.
എല്ലാ ഭാഷകളിലും 'പശ്ചിം ബംഗ' എന്ന പേര് തന്നെ നിലനിർത്താൻ ഇപ്പോൾ തീരുമാനിച്ചതിലൂടെ 'ബംഗ്ല' എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കാനാകുമെന്നും, രാജ്യത്തിന്റെ വിഭജനവുമായി ബന്ധപ്പെട്ട ചരിത്രപരമായ ഓർമ്മകൾ നിലനിർത്തുന്നതിനൊപ്പം ഇംഗ്ലീഷിൽ W എന്നതിൽ നിന്ന് P എന്ന അക്ഷരത്തിലേക്ക് പേര് മാറുമെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.