കപിൽ സിബൽ

 
India

"ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്"; സുപ്രീം കോടതിയിൽ ഇനി പ്രതീക്ഷയില്ലെന്ന് കപിൽ സിബൽ

കർണാടക, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഷേധകാരികളെ കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഭരണഘടനയെ സംരക്ഷിക്കാൻ ശേഷിയുള്ള ഏക സ്ഥാപനം സുപ്രീം കോടതിയാണെങ്കിലും പരമോന്നതെ കോടതിയിൽ ഇനി വലിയ പ്രതീക്ഷയൊന്നുമില്ലെന്ന മുതിർന്ന അഭിഭാഷകനും രാജ്യ സഭാ അംഗവുമായ കപിൽ സിബൽ. പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയെ വീണ്ടും വീണ്ടും സമീപിച്ച് തനിക്കു മടുത്തുവെന്നും ഇനി വലിയ പ്രതീക്ഷയൊന്നുമില്ലെന്നുമാണ് വാർത്താ സമ്മേളനത്തിൽ കപിൽ സിബൽ തുറന്നടിച്ചത്.

ഈ രാജ്യം ഏതു ദിശയിലേക്കാണ് പോകുന്നതെന്ന് മനസിലാകുന്നില്ല. വോട്ടർപട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മാസങ്ങളോളം സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും യാതൊരു വിധ ആശ്വാസവും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയ യുവാക്കളെയും അഭിഭാഷകരെയും വിമാനങ്ങളിലും ട്രെയിനുകളിലും വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധമാണ്. കർണാടക, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഷേധകാരികളെ കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

ഡൽഹിയിൽ മെട്രൊ സ്റ്റേഷനുകൾ അടക്കുകയും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. നീതികേട് നടക്കുമ്പോൾ ജനങ്ങൾക്കു വേണ്ടി കേസ് നടത്തുക എന്നതാണ് തങ്ങളുടെ ചുമതല, എങ്കിലും വ്യക്തിപരമായ നിലപാട് പറയുകയാണെങ്കിൽ സുപ്രീം കോടതിയിൽ ഇനി വലിയ പ്രതീക്ഷയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.