പ്രതീകാത്മക ചിത്രം

 
India

പെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫാൾ നികുതി കൂട്ടി; ഡീസലിന് കുറച്ചു

ഒക്റ്റോബർ 16 മുതൽ രണ്ടാഴ്ചത്തേക്കാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്

Sarath Nath MS

ന്യൂഡൽഹി: ഡീസൽ കയറ്റുമതിക്കുള്ള വിൻഡ്ഫാൾ നികുതി കുറച്ചും പെട്രോൾ കയറ്റുമതിക്കുള്ള നികുതി വർധിപ്പിച്ചും കേന്ദ്ര സർക്കാർ. ഒക്റ്റോബർ 16 മുതൽ രണ്ടാഴ്ചത്തേക്കാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.

ഡീസൽ കയറ്റുമതിക്കുള്ള സ്പെഷൽ അഡിഷണൽ എക്സൈസ് ഡ്യൂട്ടിയും (എസ്എഇഡി) റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസും ഉൾപ്പെടെയുള്ള നികുതി ലിറ്ററിന് 16 രൂപയിൽ നിന്ന് 8.50 രൂപയായി കുറച്ചു. പെട്രോൾ കയറ്റുമതിക്കുള്ള നികുതി ലിറ്ററിന് 50 പൈസയിൽ നിന്ന് 2.50 രൂപയായി ഉയർത്തി. വിമാന ഇന്ധനമായ എടിഎഫ് കയറ്റുമതിയുടെ നികുതി ലിറ്ററിന് 10.50 രൂപയായി തുടരും.

നികുതി നിരക്കുകളിലെ മാറ്റം ഒക്റ്റോബർ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. അതേസമയം ആഭ്യന്തര ഉപയോഗത്തിനായി വിതരണം ചെയ്യുന്ന പെട്രോളിന്‍റെയും ഡീസലിന്‍റെയും നിലവിലെ നികുതി നിരക്കുകളിൽ മാറ്റമില്ല.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മാർച്ച് 27നാണ് ഡീസൽ, എടിഎഫ് കയറ്റുമതിക്ക് കേന്ദ്രം നികുതി ഏർപ്പെടുത്തിയത്. തുടർന്ന് ഓരോ രണ്ടാഴ്ച കൂടുമ്പോഴും നിരക്കുകൾ പുതുക്കി. മേയ് 16 മുതൽ പെട്രോൾ കയറ്റുമതിക്കും നികുതി ഏർപ്പെടുത്തി.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്ന് കയറ്റുമതിക്കാർക്ക് ലഭിക്കുന്ന വിലവ്യത്യാസത്തിന്‍റെ അനുകൂല്യം ദുരുപയോഗം ചെയ്യുന്നത് തടയുകയും ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതാണ് വിൻഡ്ഫാൾ നികുതിയുടെ ലക്ഷ്യം.