ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’
ന്യൂഡൽഹി: ശൈത്യകാലത്ത് ഡൽഹി-എൻസിആർ മേഖലയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി വിവിധ നടപടികളുമായി ഡൽഹി സർക്കാർ. ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’ നയം കൂടുതൽ ശക്തമായി നടപ്പാക്കുന്നതിനൊപ്പം 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കുമെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ അറിയിച്ചു.
വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് സിർസ നടപടികൾ പ്രഖ്യാപിച്ചത്. സാധുവായ പിയുസി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്ന നയം കൂടുതൽ കർശനമാക്കും. ഡൽഹിയിലെ എഎൻപിആർ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള 500 പെട്രോൾ പമ്പുകളിലും വാഹനങ്ങൾക്കെതിരേ കർശന പരിശോധന നടത്തും.
ഒക്റ്റോബറിൽ ഇതുസംബന്ധിച്ച് ബോധവത്കരണ ക്യാംപയിൻ ആരംഭിക്കും. നവംബറിൽ പിയുസി കേന്ദ്രങ്ങൾ നവീകരിക്കുകയും ചെയ്യും. മൂന്ന് ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിലൂടെ 2.5 ലക്ഷം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും നടത്തും.
150 ഇ-ബസുകൾ കൂടി
നിലവിൽ ഡൽഹിയിൽ 588 ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തുന്നത്. 150 ബസുകൾ കൂടി എത്തുന്നതോടെ ആകെ ഇലക്ട്രിക് ബസുകളുടെ എണ്ണം 700 കടക്കും.
വായുമലിനീകരണവും ഗതാഗതക്കുരുക്കും കൂടുതലുള്ള മേഖലകളിൽ പ്രത്യേക നിയന്ത്രണ നടപടികളും സ്വീകരിക്കും. ശ്മശാനങ്ങൾ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ, നിർമാണ-പൊളിക്കൽ മാലിന്യ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകും. കണ്ടെത്തിയ 62 മലിനീകരണ ഹോട്ട്‌സ്‌പോട്ടുകളിൽ 42 എണ്ണത്തിലും മലിനീകരണനില നിയന്ത്രണവിധേയമാക്കിയതായി മന്ത്രി പറഞ്ഞു.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി നവംബർ ഒന്ന് മുതൽ അംഗീകൃത പാർക്കിങ് കേന്ദ്രങ്ങളിലെ നിരക്ക് ഇരട്ടിയാക്കും. ഈ നടപടി 2027 ഫെബ്രുവരി 28 വരെ തുടരും.
അതേസമയം, നവംബർ ഒന്ന് മുതൽ ഫെബ്രുവരി 28 വരെ ഓഫീസ് സമയങ്ങളിലും മാറ്റമുണ്ടാകും. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ (എംസിഡി) ഓഫീസുകൾ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയും ഡൽഹി സർക്കാരിന്‍റെ (ജിഎൻസിടിഡി) ഓഫീസുകൾ രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയും പ്രവർത്തിക്കും.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50 ശതമാനം പേർക്ക് ഈ കാലയളവിൽ വർക്ക് ഫ്രം ഹോം അനുവദിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.