സമരത്തിനിടെ പൊലീസിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപണം; ഡൽ‌ഹി പൊലീസ് ആസ്ഥാനത്തേക്ക് വനിതാ സംഘടനകളുടെ മാർച്ച്

 
India

സമരത്തിനിടെ പൊലീസിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപണം; ഡൽ‌ഹി പൊലീസ് ആസ്ഥാനത്തേക്ക് വനിതാ സംഘടനകളുടെ മാർച്ച്

ഓൾ ഇന്ത‍്യ ഫെമിനിസ്റ്റ് അലയൻസ് അടക്കമുള്ള സംഘടനകളാണ് മാർച്ച് നടത്തിയത്

Aswin AM

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയും ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്ത് നടത്തിയ സമരത്തിനിടെ പൊലീസിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി വനിതാ സംഘടനകൾ.

ഓൾ ഇന്ത‍്യ ഫെമിനിസ്റ്റ് അലയൻസ് അടക്കമുള്ള സംഘടനകളാണ് മാർച്ച് നടത്തിയത്. സ്ത്രീകളെ വിലങ്ങുതടിയായി നിർത്തുന്ന സമൂഹത്തെ തകർക്കുക, ഡൽഹി പൊലീസിനെ ഓർത്ത് ലജ്ജ തോന്നുന്നു എന്ന മുദ്രാവാക‍്യങ്ങൾ വിളിച്ച് മാർച്ച് നടത്തുന്ന പ്രതിഷേധക്കാരുടെ വിഡിയോ വാർത്താ ഏജൻസിയായ പിടിഐ എക്സിൽ പങ്കുവച്ചിരുന്നു.

ഗുരുദ്വാര ബംഗ്ലാ സാഹിബിന് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാർ പൊലീസിൽ നിന്നും നേരിടേണ്ടി വന്ന അതിക്രമങ്ങളിൽ നടപടിയും വിശദീകരണവും ആവശ‍്യപ്പെട്ട് നിവേദനം നൽകുന്നതിനായി ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയതായാണ് പിടിഐ റിപ്പോർട്ട് ചെയ്തത്.

സംഘടനകൾ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഔദ‍്യോഗിക പ്രസ്താവനയിൽ പൊലീസ് ഉദ‍്യോഗസ്ഥർ പൊലീസ് ബസുകൾക്കുള്ളിലും തടങ്കൽ കേന്ദ്രങ്ങളിലും ലൈംഗികാതിക്രമങ്ങൾ നടന്നുവെന്ന് ആരോപിക്കുന്നു. സ്ത്രീകളുടെ ശബ്ദത്തെ അടിച്ചമർ‌ത്താനുള്ള ശ്രമമാണിതെന്നും സംഘടനകൾ പറഞ്ഞു.

പൊലീസ് ഉദ‍്യോഗസ്ഥർ തങ്ങളെ മോശമായി സ്പർശിച്ചെന്ന് പ്രതിഷേധ സ്ഥലത്ത് വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ 3 വനിതാ മാധ‍്യമപ്രവർത്തകർ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ പ്രതികളിലൊരാളായ ഡൽഹി എസിപി വിവേക് ഭഗതിനെതിരേ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വനിതാ മാധ‍്യമപ്രവർത്തക ഉന്നയിച്ച ആരോപണങ്ങൾ വളരെ ഗൗരവതരമാണെന്ന് ഒക്റ്റോബർ 15ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.