യുപിയിൽ ബസിന് തീപിടിച്ച് അപകടം; 9 മരണം
ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ 9 പേർ മരിച്ചു. യമുന എക്‌സ്പ്രസ്‌വേയിൽ ബുധനാഴ്ച അർധരാത്രിയായിരുന്നു അപകടം. 5 യാത്രക്കാരുമായി പോയ ബസിൽ പെട്ടെന്ന് തീപ്പിടിത്തമുണ്ടാകുകയായിരുന്നു. ബസിലെ എസി പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് സൂചന.
നോയ്ഡയിൽനിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് യമുന എക്‌സ്പ്രസ്‌വേയിലൂടെ പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ ബസിന്റെ ജനാലവഴി ചാടി രക്ഷപ്പെടാൻ പല യാത്രക്കാരും ശ്രമിച്ചിരുന്നു.
ദുരന്തത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ സഹായധനവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.