വാട്സാപ്പ് വഴി പിഎഫ് ബാലൻസ് അറിയാം; പാസ് ബുക്കും ലഭിക്കും
ന്യൂഡൽഹി: വാട്സാപ്പ് വഴി പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) ബാലൻസ് അറിയുന്നതിനുള്ള സംവിധാനമൊരുക്കി ഇപിഎഫ്ഒ. പിഎഫ് വരിക്കാർക്ക് തങ്ങളുടെ അക്കൗണ്ടിലെ നിലവിലെ ബാലൻസ് നിമിഷങ്ങൾക്കുള്ളിൽ അറിയാൻ സാധിക്കും. അതു പോലെ തന്നെ പാസ്ബുക്ക് ഡൗൺലോഡ് ചെയ്യുന്നതിനും അവസാനത്തെ അഞ്ച് ഇടപാടുകളുടെ വിശദാംശങ്ങൾ അറിയാനും സാധിക്കും. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇപിഎഫ്ഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
8796441800 എന്ന നമ്പറിലേക്ക് Hi എന്ന സന്ദേശം അയച്ചാൽ ഉടൻ തന്നെ സേവനം ലഭ്യമാകും. മെനുവിൽ നിന്ന് ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കാം. ബാലൻസ് അറിയുന്നതിനായി ഒടിപി നമ്പർ നൽകേണ്ടതായി വരും.
ആധാർ വേരിഫിക്കേഷൻ പൂർത്തിയാക്കിയ ആയിരം രൂപ മാത്രം ബാലൻസുള്ളതും സജീവല്ലാത്തതുമായ അക്കൗണ്ടുകളിലെ തുക തിരികെ ലഭിക്കുമെന്നും ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. പണം തിരികെ ലഭിക്കാൻ അക്കൗണ്ട് ഉടമകൾ വ്യക്തിഗതമായി ക്ലെയിമുകൾ സമർപ്പിക്കേണ്ടതില്ല.