അഞ്ച് യുവാക്കളുടെ സാഹസിതക ആനക്കുട്ടിയുടെ ജീവൻ രക്ഷിച്ചു.
AI Image - പ്രതീകാത്മക ചിത്രം.
ജൽപായ്ഗുരി: കുത്തിയൊലിച്ചൊഴുകുന്ന തീസ്ത നദിയിൽ അകപ്പെട്ട കുട്ടിയാനയെ അഞ്ചു മത്സ്യത്തൊഴിലാളികൾ ചേർന്ന് അദ്ഭുതകരമായി രക്ഷപെടുത്തി. അപൽചന്ദ് വനത്തിലെ കാദംബരി റേഞ്ചിനു സമീപം നദി മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിൽനിന്ന് വേർപെട്ട കുട്ടിയാന, ഏകദേശം നാലു കിലോമീറ്റർ താഴേക്ക് ഒഴുക്കിൽപ്പെട്ടു പോയിരുന്നു.
വെള്ളത്തിനു മുകളിൽ തുമ്പിക്കൈ ഉയർത്തിപ്പിടിച്ച്, ശ്വാസത്തിനായി പിടയുകയായിരുന്ന കുട്ടിയാനയെ ബബ്‌ലു ദാസ്, മിഥുൻ ദാസ്, കാദർ ദാസ്, ബിശ്വനാഥ്, ഗോപാൽ എന്നിവരാണ് കണ്ടത്. നദിയിലെ ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ, ചെറിയൊരു തോണിയിൽ അവർ ആനക്കുട്ടിക്കരികിലേക്ക് തുഴഞ്ഞു. തിരമാലകൾ കുട്ടിയാനയെ കൂടുതൽ ദൂരേക്ക് തള്ളിക്കൊണ്ടിരുന്നു.
മൂന്നു പേർ വെള്ളത്തിലേക്കു ചാടി, കുട്ടിയാനയെ തോണിയിലേക്കു കയറ്റി. തിരിച്ചുള്ള യാത്രയിൽ, ഒഴുക്കിനെതിരേ തോണി തുഴഞ്ഞായിരുന്നു പോകേണ്ടത്. മൂന്നു പേർ തോണിക്കൊപ്പം നീന്തി. കരയിലെത്തിയ ഉടൻ കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. കാദംബരി റേഞ്ച് ഓഫിസിലെത്തിച്ച ആനക്കുട്ടിക്ക് അടിയന്തര ചികിത്സ നൽകി.
ബൈകുണ്ഠപുർ ഫോറസ്റ്റ് ഡിവിഷനിലെ സംഘങ്ങൾ ഉടൻ തന്നെ കുട്ടിയാനയുടെ അമ്മയെ കണ്ടെത്താൻ ശ്രമം തുടങ്ങി. ആനക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള, ബാരേജിനക്കരെയുള്ള തീസ്തയുടെ ഉണങ്ങിയ തീരപ്രദേശത്തേക്ക് കുട്ടിയാനയെ കൊണ്ടുപോയി.
വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്നുള്ള ഏകദേശം രണ്ടു മണിക്കൂർ നീണ്ട കൂട്ടായ ശ്രമത്തിനൊടുവിൽ, കുട്ടിയാനയെ അമ്മയോടൊപ്പം തിരിച്ചയക്കാൻ സാധിച്ചു. അമ്മയാന കുട്ടിയുടെ അടുത്തേക്കു ചെല്ലുകുയം പിന്നീട് പാലൂട്ടുകയും ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് ഈ പുനഃസമാഗമത്തിന് നിർണായകമായതെന്ന് ബൈകുന്ഠപൂർ ഡിഎഫ്ഒ മുദിത് പ്രശംസിച്ചു.
ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ സമയം നിർണായകമാണ്. മനുഷ്യരുമായി വളരെ നേരം സമ്പർക്കത്തിൽ വന്ന കുട്ടിയാനകളെ, പലപ്പോഴും ആനക്കൂട്ടങ്ങൾ തിരികെ സ്വീകരിക്കാറില്ല. കഴിഞ്ഞ ഒക്റ്റോബറിൽ വടക്കൻ ബംഗാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ, മേച്ചി നദിയിൽനിന്ന് രക്ഷപെടുത്തിയ ഒരു കുട്ടിയാനയെ അതിന്‍റെ കൂട്ടം തിരസ്കരിച്ച സംഭവം ഇതിന് ഉദാഹരണമാണ്.