21-ാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 

പ്രതീകാത്മക ചിത്രം- എഐ

Pravasi

21-ാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഒമ്പത് പ്രതിഭകൾക്ക് പുരസ്‌കാരം; ഡിസംബർ മൂന്നിന് ഫിലിപ്പീൻസിലെ മനിലയിൽ പുരസ്‌കാര സമർപ്പണം

MV Desk

ബെംഗളൂരു: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ മികച്ച നേട്ടങ്ങളെയും സമൂഹത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകളെയും ആദരിക്കുന്ന 21-ാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ ഗർഷോം ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. 2026 ഡിസംബർ മൂന്ന് വ്യാഴാഴ്ച വൈകിട്ട് 6.30ന് ഫിലിപ്പീൻസിലെ മനിലയിലുള്ള എഐഎം കോൺഫറൻസ് സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ഫിലിപ്പീൻസ് ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെന്‍റ്സ് ഗവർണർ മാർജറി ഒ. റാമോസ് സമാനിഗോ, ഫിലിപ്പീൻസ് ഭൂപരിഷ്‌കരണ വകുപ്പ് അണ്ടർ സെക്രട്ടറി അമിഹിൽഡ ജെ. സാങ്‌കോപാൻ എന്നിവർ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഡിസംബർ രണ്ട് മുതൽ ആറ് വരെ ഫിലിപ്പീൻസിൽ നടക്കുന്ന ഗർഷോം ഇന്‍റർനാഷണൽ വീക്ക് 2026ന്‍റെ ഭാഗമായാണ് പുരസ്‌കാര സമർപ്പണച്ചടങ്ങ് സംഘടിപ്പിക്കുന്നത്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന രാജ്യാന്തര സംഗമത്തിൽ ഗർഷോം ആസിയാൻ പ്ലസ് ബിസിനസ് ആൻഡ് ഇൻവെസ്റ്റ്‌മെന്‍റ് സമ്മിറ്റ്, ഗർഷോം കൾച്ചറൽ കോൺക്ലേവ് എന്നിവ നടക്കും.

ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന ഗർഷോം ആസിയാൻ പ്ലസ് ബിസിനസ് ആൻഡ് ഇൻവെസ്റ്റ്‌മെന്‍റ് സമ്മിറ്റ് രാജ്യാന്തര വ്യാപാര സഹകരണം, നിക്ഷേപ സാധ്യതകൾ, സംരംഭക പങ്കാളിത്തം, സാമ്പത്തിക സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയാകും. വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കൾച്ചറൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

വ്യവസായം, സംരംഭകത്വം, കോർപ്പറേറ്റ് നേതൃത്വം, ജീവകാരുണ്യ പ്രവർത്തനം, ചലച്ചിത്രം, ആതുരസേവനം, സാങ്കേതിക നവീകരണം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലെ മികച്ച നേട്ടങ്ങളും സംഭാവനകളും പരിഗണിച്ചാണ് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഒമ്പത് വ്യക്തികളെ ഇത്തവണ പുരസ്‌കാരങ്ങൾക്കായി തെരഞ്ഞെടുത്തത്.

പുരസ്‌കാര ജേതാക്കൾ

ഗർഷോം പ്രവാസി രത്‌ന പുരസ്‌കാരം – ബിനോയ് തോമസ് (റുവാണ്ട)

ആഫ്രിക്കയിലെ രാജ്യാന്തര വ്യാപാര, ഹോസ്പിറ്റാലിറ്റി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകനാണ് ബിനോയ് തോമസ്. റുവാണ്ടയിലെ ഇന്ത്യൻ അസോസിയേഷന്‍റെയും മലയാളി അസോസിയേഷന്‍റെയും മുൻ ചെയർമാനും ഇന്ത്യൻ ബിസിനസ് ചേംബറിന്‍റെ സ്ഥാപകാംഗവുമാണ്. സംരംഭക നേട്ടങ്ങൾ, പ്രവാസി സമൂഹത്തിനായുള്ള പ്രവർത്തനങ്ങൾ, ഇന്ത്യ–റുവാണ്ട വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകൾ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

ഗർഷോം ലീഡർഷിപ്പ് എക്‌സലൻസ് പുരസ്‌കാരം – സുനിൽ ഐസക് (ഫിലിപ്പീൻസ്)

എഡോട്ട്‌കോ ഫിലിപ്പീൻസ് പ്രസിഡന്‍റും കൺട്രി മാനേജിങ് ഡയറക്റ്ററുമായ സുനിൽ ഐസക്കിന് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായി ഇരുപതിലധികം രാജ്യങ്ങളിൽ പ്രവർത്തിച്ച പരിചയമുണ്ട്. രാജ്യാന്തര ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ മികച്ച കോർപ്പറേറ്റ് നേതൃത്വം, ബിസിനസ് വികസനം, സുസ്ഥിര ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള സംഭാവനകൾ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

ഗർഷോം നൈറ്റിംഗേൾ പുരസ്‌കാരം – ഡോ. തങ്കമണി അരവിന്ദൻ (അമേരിക്ക)

അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ മുഹ്‌ലെൻബർഗ് സ്‌നൈഡർ സ്‌കൂൾസ് ഓഫ് നഴ്‌സിങ്ങിൽ പ്രൊഫസറും വകുപ്പ് മേധാവിയുമാണ് ഡോ. തങ്കമണി അരവിന്ദൻ. നഴ്‌സിങ് വിദ്യാഭ്യാസം, ആതുരസേവനം, ആരോഗ്യരംഗത്തെ നേതൃത്വം, പുതുതലമുറ നഴ്‌സുമാരുടെ പ്രൊഫഷണൽ വളർച്ച എന്നിവയ്ക്കായി നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

ഗർഷോം ക്രിയേറ്റീവ് വിഷനറി പുരസ്‌കാരം – ജോൺ ഇടത്തട്ടിൽ* (സാബ് ജോൺ, ഇന്ത്യ)

ചാണക്യൻ, ഗുണ, കുരുതിപ്പുനൽ തുടങ്ങിയ ശ്രദ്ധേയമായ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സാബ് ജോൺ സ്‌ക്രീൻറൈറ്റ് ഡോട്ട് ഇന്നിന്‍റെ സ്ഥാപകനും മുഖ്യ പരിശീലകനുമാണ്. ഇന്ത്യൻ സിനിമ, തിരക്കഥാരചന, ചലച്ചിത്ര വിദ്യാഭ്യാസം, നവാഗത എഴുത്തുകാർക്കുള്ള പരിശീലനം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

ഗർഷോം എൻട്രപ്രണേറിയൽ എക്‌സലൻസ് പുരസ്‌കാരം – മാത്യു പൂവത്താനി (അമേരിക്ക)

അമേരിക്കയിലെ കൊറോമാൻഡൽ കുസീൻ ഓഫ് ഇന്ത്യയുടെ സഹസ്ഥാപകനും ഇൻസോഴ്‌സ് ടെക് സൊല്യൂഷൻസ് സ്ഥാപകനുമാണ് മാത്യു പൂവത്താനി. ഹോസ്പിറ്റാലിറ്റി, വിവരസാങ്കേതികവിദ്യ മേഖലകളിലെ സംരംഭക നേട്ടങ്ങൾ, ബിസിനസ് നവീകരണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലുള്ള സംഭാവനകൾ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

ഗർഷോം ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം – ഡോ. കെ. അബ്ദുള്ള ഹംസ (കുവൈത്ത്)

ഡാലിയ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാനായ ഡോ. കെ. അബ്ദുള്ള ഹംസ വ്യവസായ രംഗത്തെ നേട്ടങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, പാലിയേറ്റീവ് കെയർ, സാമൂഹിക ക്ഷേമം എന്നീ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

ഗർഷോം ബിസിനസ് എക്‌സലൻസ് പുരസ്‌കാരം – സുബിൻ രാജേഷ് (യുഎഇ)

ദുബായ് ആസ്ഥാനമായ സഹാറ മോട്ടോഴ്‌സ് ഗ്രൂപ്പിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ് സുബിൻ രാജേഷ്. രാജ്യാന്തര വാഹന വ്യാപാര, കയറ്റുമതി മേഖലകളിലെ മികച്ച നേട്ടങ്ങൾ, ബിസിനസ് നേതൃത്വം, സാമൂഹിക പ്രതിബദ്ധത എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

ഗർഷോം പ്രവാസി റിട്ടേണി പുരസ്‌കാരം – ഡോ. സിറിൽ ജോൺ ഇലഞ്ഞിക്കൽ (ഇന്ത്യ)

മിഡിൽ ഈസ്റ്റിലെ കോർപ്പറേറ്റ്, സംരംഭക മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഡോ. സിറിൽ ജോൺ 2016ൽ കേരളത്തിലേക്ക് മടങ്ങിയെത്തി കാർഷിക, ഭക്ഷ്യസംസ്‌കരണ മേഖലകളിൽ നവീന സംരംഭങ്ങൾക്ക് തുടക്കമിട്ടു. പ്രവാസ ജീവിതത്തിലൂടെ നേടിയ രാജ്യാന്തര ബിസിനസ് പരിചയം കാർഷിക നവീകരണം, ഭക്ഷ്യസംസ്‌കരണ സാങ്കേതികവിദ്യ, കർഷക ശാക്തീകരണം, ഗ്രാമീണ സാമ്പത്തിക വികസനം എന്നിവയ്ക്കായി പ്രയോജനപ്പെടുത്തിയതിനാണ് പുരസ്‌കാരം.

ഗർഷോം യൂത്ത് എക്‌സലൻസ് പുരസ്‌കാരം – പ്രജിത് കുമാർ* (ബെൽജിയം)

വിവരസാങ്കേതികവിദ്യാ സംരംഭമായ അറ്റ്‌കോൺ ഗ്ലോബലിന്‍റെ സഹസ്ഥാപകനും കൈരളി ബെൽജിയത്തിന്‍റെ സെക്രട്ടറിയുമാണ് പ്രജിത് കുമാർ. സംരംഭകത്വം, സാങ്കേതിക നവീകരണം, സാമൂഹിക സേവനം, പ്രവാസി സമൂഹത്തിന്‍റെ ക്ഷേമം, സാംസ്‌കാരിക സമന്വയം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.