സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലും നിയന്ത്രണം വരും.

 

Freepik.com

Pravasi

ജങ്ക് ഫുഡിനു നിയന്ത്രണം ഏർപ്പെടുത്തി അബുദാബി

ജങ്ക് ഫുഡുകളുടെയും അമിത കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണപദാർഥങ്ങളുടെയും പരസ്യപ്രദർശനം തടയാൻ കർശന നിയമം

UAE Correspondent

അബുദാബി: സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലും ജങ്ക് ഫുഡുകളുടെയും അമിത കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണപദാർഥങ്ങളുടെയും പരസ്യപ്രദർശനം തടയാൻ കർശന നിയമവുമായി അബുദാബി. ജനങ്ങളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിന്‍റെ ഭാഗമാണിത്.

2027 ജനുവരി ഒന്ന് മുതൽ പുതിയ നിയമം നിർബന്ധമായി നടപ്പിലാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയും ഹെൽത്തി ലിവിങ് പ്രോഗ്രാമും ചേർന്ന് ആരോഗ്യ വകുപ്പ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്‍റർ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നാലായിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള സൂപ്പർമാർക്കറ്റുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കുമാണ് ഈ നിയമം ബാധകമാകുക.

ഉപഭോക്താക്കളുടെ ശ്രദ്ധ പെട്ടെന്ന് പതിക്കുന്ന സൂപ്പർമാർക്കറ്റ് പ്രവേശന കവാടങ്ങൾ, കൗണ്ടറുകൾക്ക് സമീപം (ചെക്കൗട്ട് ഏരിയ), റാക്കുകളുടെ അറ്റങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല. ഓൺലൈൻ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഹോം പേജ്, സെർച്ച് ഫലങ്ങൾ, ഓഫർ പോപ്പ്-അപ്പുകൾ എന്നിവയിൽ നിന്ന് ജങ്ക് ഫുഡുകളെ ഒഴിവാക്കണം.