ഫോൺ വിളിച്ച് വിദേശത്ത് ക്രിമിനൽ കേസിൽ പ്രതിയെന്ന് പറയും; തട്ടിയെടുത്തത് 11.8 കോടിയിൽ അധികം ദിർഹം, രണ്ടു പേർ ദുബായിൽ അറസ്റ്റിൽ
ദുബായ്: 11.8 കോടിയിലധികം ദിർഹം തട്ടിയെടുത്ത ഫോൺ തട്ടിപ്പ് കേസിൽ രണ്ട് പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം ആളുകളെ കബളിപ്പിച്ചത്. വിദേശ രാജ്യങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെറ്റായ വിവരങ്ങൾ നൽകി ഭയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
നിയമനടപടികൾ ഒഴിവാക്കാനെന്ന പേരിൽ വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ ഇവർ ഇരകളെ നിർബന്ധിച്ചു. ഫണ്ടുകളുടെ നിയമസാധുത പരിശോധിക്കാനാണെന്നും അയച്ച പണം പരിശോധനയ്ക്ക് ശേഷം തിരികെ നൽകുമെന്നും ഇവർ വിശ്വസിപ്പിച്ചു. ചില ഇരകളെക്കൊണ്ട് സ്വർണാഭരണങ്ങൾ വിറ്റും പണം അയപ്പിച്ചതായി ദുബായ് പൊലീസ് വ്യക്തമാക്കി.
തട്ടിപ്പ് വ്യാപിപ്പിക്കുന്നതിനായി ഇരകളോട് ഹോട്ടൽ മുറികളിൽ കഴിയാനും കുടുംബാംഗങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാനും സംഘം ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ ലഭിച്ചയുടൻ ദുബായ് പൊലീസിന്‍റെ ആന്‍റി ഫ്രോഡ് സെന്‍ററിലെ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ സ്ഥിരീകരിക്കണമെന്നും സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ദുബായ് പൊലീസ് ഓർമിപ്പിച്ചു. സംശയകരമായ എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ 901 കോൾ സെന്ററിലൂടെയോ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.