ഷാർജ രാജ്യാന്തര പുസ്തകമേളയിലെ സംവാദത്തിൽ അംബികാസുതൻ മങ്ങാട്.
ഷാർജ: ദേശത്തെക്കുറിച്ച് എഴുതുക എന്നത് സവിശേഷമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് അംബികാസുതൻ മങ്ങാട്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ "മണ്ണിൽ വേരൂന്നിയ കഥകൾ: മനുഷ്യരുടെയും പ്രകൃതിയുടെയും ജീവിതത്തിന്റെയും ആഖ്യായികൾ' എന്ന ശീർഷകത്തിൽ നടത്തിയ സംവാദത്തിൽ അശോകൻ ചരുവിലിനൊപ്പം സംസാരിക്കുകയായിരുന്നു അംബികാസുതൻ മങ്ങാട്.
മണ്ണിൽ ചവിട്ടിനിന്നുകൊണ്ട് ലോകത്തെ കാണാനാണ് ശ്രമിച്ചിട്ടുള്ളത്. സ്ഥിരം എഴുത്തുരീതികളിൽ നിന്ന് വ്യതിചലിക്കാനുള്ള ശ്രമം പുതിയ കൃതിയിലൂടെ നടത്തുകയാണ്. ഒരു എടുത്തുചാട്ടമാണത്. എങ്ങനെ ചാടിയാലും മണ്ണിൽ തന്നെ പതിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഖ്യാനം എന്നതിലുപരി പ്രതിബദ്ധത വേണമെന്നും പ്രതിബദ്ധത ഒരു സമര പ്രവർത്തനമാണെന്ന ബോധ്യം ഉണ്ടാകണമെന്നും അംബികാസുതൻ മങ്ങാട് പറയുന്നു.
ദൈവം എന്നതിന്റെ തദ്ഭവ രൂപമാണ് തെയ്യം. ചവിട്ടിമെതിക്കപ്പെട്ട മനുഷ്യന്റെ നിലവിളികളാണ് തെയ്യത്തിന്റെ തോറ്റംപാട്ടെന്നും അദ്ദേഹം വ്യക്തമാക്കി. 33 തെയ്യം കഥകൾ എഴുതിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് ചിന്നമുണ്ഡിയുടെ കഥാകാരൻ വ്യക്തമാക്കി.
വികസനം എന്നത് കുന്നിടിക്കലോ നിലം നികത്താലോ അല്ലെന്ന് അംബികാസുതൻ മങ്ങാട് പറഞ്ഞു.നമ്മുടെ അത്യാർത്തി പ്രകൃതിക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് നാം ശ്രമിക്കുന്നത്. ഇവിടെ അരിഞ്ഞുകുടിക്കല്ലേ കറന്നുകൂടിക്കൂ എന്നാണ് പറയാനുള്ളതെന്നും അംബികാസുതൻ മങ്ങാട്. അധ്യാപകൻ കെ. രഘുനന്ദനൻ മോഡറേറ്ററായിരുന്നു.