അക്കാഫ് പൊന്നോണക്കാഴ്ച

 
Pravasi

അക്കാഫ് പൊന്നോണക്കാഴ്ച '26' ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഒക്റ്റോബർ 11ന്

അക്കാഫ് അസോസിയേഷന്‍റെ 28-ാമത് ഓണാഘോഷത്തിന്‍റെ ഭാഗമായി “മാതൃവന്ദനം” എന്ന പേരിലുള്ള സ്നേഹപദ്ധതി ഇത്തവണയും സംഘടിപ്പിക്കും

MV Desk

ദുബായ്: അക്കാഫ് അസോസിയേഷന്‍റെ 28-ാമത് ഓണാഘോഷമായ “അക്കാഫ് പൊന്നോണക്കാഴ്ച ’26” ഒക്റ്റോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ അരങ്ങേറും. ഓണാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രാഥമിക മത്സരങ്ങൾ ഒക്റ്റോബർ 4ന് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 135ഓളം കോളെജ് അലുമ്‌നി കൂട്ടായ്മകളാണ് അക്കാഫ് അസോസിയേഷന്‍റെ അംഗ കോളെജുകൾ.

അക്കാഫ് അസോസിയേഷന്‍റെ 28-ാമത് ഓണാഘോഷത്തിന്‍റെ ഭാഗമായി “മാതൃവന്ദനം” എന്ന പേരിലുള്ള സ്നേഹപദ്ധതി ഇത്തവണയും സംഘടിപ്പിക്കും. യുഎഇയിൽ സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികളുടെ അമ്മമാരിൽ നിന്ന് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 28 അമ്മമാരെയാണ് അക്കാഫ് അസോസിയേഷൻ ദുബായിലേക്ക് കൊണ്ടുവരുന്നത്.

അമ്മമാരുടെ വിമാനയാത്ര, വിസ, ദുബായിലെ താമസം, ഭക്ഷണം, വിവിധ സ്ഥലങ്ങളിലേക്കുള്ള സന്ദർശനം എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും അക്കാഫ് അസോസിയേഷൻ വഹിക്കും. അഞ്ച് ദിവസത്തോളം ദുബായിൽ ചെലവഴിക്കുന്ന അമ്മമാർക്ക് യുഎഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും മറ്റു കാഴ്ചകളും സന്ദർശിക്കാനുള്ള അവസരവും ഒരുക്കും.

ദുബായിലെത്തുന്ന അമ്മമാർക്ക് പ്രവാസ ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ മക്കളോടൊപ്പം സന്തോഷകരമായ ദിവസങ്ങൾ പങ്കിടാനും യുഎഇയുടെ കാഴ്ചകൾ ആസ്വദിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മടക്കയാത്രയ്ക്കുമുമ്പ് അമ്മമാർക്ക് വിവിധ സമ്മാനങ്ങളും നൽകും. ഒക്റ്റോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന പൊന്നോണക്കാഴ്ച ’26ന്‍റെ സമാപന വേദിയിൽ 28 അമ്മമാരെയും ആദരിക്കും.

പൊന്നോണക്കാഴ്ച ’26ന്‍റെ വിജയകരമായ നടത്തിപ്പിനായി ജനറൽ കൺവീനർ സാനു മാത്യു (കോളെജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം), ജോയിന്‍റ് ജനറൽ കൺവീനർമാരായ അനിൽ നായർ (എൻ.എസ്.എസ്. പോളിടെക്നിക് കോളെജ്, പന്തളം), ബീന ശശിശങ്കർ (സെന്‍റ് പീറ്റേഴ്സ് കോളെജ്, കോലഞ്ചേരി), ലക്ഷ്മി ഷിബു (ശ്രീനാരായണ കോളെജ് ഫോർ വിമൻ, കൊല്ലം), സത്യജിത് വാസുദേവ് (ശ്രീ നാരായണ കോളെജ്, കണ്ണൂർ), ജയകൃഷ്ണൻ രാധാകൃഷ്ണൻ (അമൃത വിശ്വവിദ്യാപീഠം, കൊല്ലം), അമീർ സിറാജ് (ശ്രീനാരായണ ഗുരുകുലം കോളെജ് ഓഫ് എൻജിനീയറിങ്, എറണാകുളം) എന്നിവരുടെ നേതൃത്വത്തിൽ 30 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

സംഘാടക സമിതി ഭാരവാഹികളും മെമ്പർ കോളെജ് പ്രതിനിധികളും പങ്കെടുക്കുന്ന ഓണം കൺവെൻഷൻ ഒക്റ്റോബർ 4ന് രാവിലെ 10 മണി മുതൽ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ പ്രാഥമിക മത്സരങ്ങൾ അരങ്ങേറും.

പ്രാഥമിക മത്സരങ്ങളുടെ ഭാഗമായി നാടൻപാട്ട്, മലയാളി മങ്ക, പുരുഷകേസരി, കിഡ്സ് ഫാഷൻ ഷോ തുടങ്ങിയ മത്സരങ്ങൾ നടക്കും. പ്രാഥമിക ഘട്ടത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് ഒക്റ്റോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന മെഗാ ഇവന്‍റിൽ മാറ്റുരയ്ക്കാനുള്ള അവസരമുണ്ടാകും.

ഒക്റ്റോബർ 11ന് വിവിധ കോളെജ് അലുമ്‌നി കൂട്ടായ്മകളുടെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, കിഡ്സ് ഫാഷൻ ഷോ, നാടൻപാട്ട്, പായസം മത്സരം, പുരുഷകേസരി, മലയാളി മങ്ക, കോളെജുകളുടെ സാംസ്‌കാരിക ഘോഷയാത്ര, വിവിധ നാടൻ കളികൾ തുടങ്ങി നിരവധി മത്സരങ്ങളും പരിപാടികളും അരങ്ങേറും. കുട്ടികൾക്കായി പെയിന്‍റിങ്, ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിപുലമായ ഓണസദ്യ ആരംഭിക്കും. ഏകദേശം 10,000 പേരെയാണ് ഇത്തവണത്തെ ഓണസദ്യയിൽ പ്രതീക്ഷിക്കുന്നത്.

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്റ്റർ ബോർഡ് അംഗങ്ങളായ വിൻസെന്‍റ് വലിയവീട്ടിൽ, ഗിരീഷ് മേനോൻ, ആർ. സുനിൽ കുമാർ, സി.എൽ. മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് പൊന്നോണക്കാഴ്ച ’26ന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തമിഴ്നാട് സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിൽ ബീഫ് ഉൾപ്പെടുത്താനുള്ള നിർദേശം വിവാദത്തിൽ

2027-28 ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും; പ്രീ-ബജറ്റ് ചർച്ച ഒക്റ്റോബർ 12 മുതൽ

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു

യുപിയിൽ അനധികൃത ആയുധ നിർമാണ കേന്ദ്രത്തിൽ നിന്ന് 16 തോക്കുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ