ഷാർജ രാജ്യാന്തര പുസ്തക മേളയിൽ അമെരിക്കൻ എഴുത്തുകാരി പങ്കെടുക്കും; കേരളത്തിൽ നിന്ന് മുഖ്യമന്ത്രിയും എഴുത്തുകാരും എത്തും
ഷാർജ: ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ (ടോംബ് ഓഫ് സാൻഡ്) എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയിലൂടെ രാജ്യാന്തര ബുക്കർ പുരസ്കാരം നേടിയ അമെരിക്കൻ എഴുത്തുകാരിയും പരിഭാഷകയുമായ ഡെയ്സി റോക്വെൽ നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്ററിൽ നടക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വായനക്കാരുമായി സംവദിക്കും.
ബ്രിട്ടീഷ് ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഡിറ്റക്ടീവ് നോവലുകളെഴുതിയ അബീർ മുഖർജി, ‘മലബാർ ഹൗസ്’ പരമ്പരയിലൂടെ ശ്രദ്ധേയനായ ഇൻഡോ- -ബ്രിട്ടിഷ് എഴുത്തുകാരൻ വസീം ഖാൻ എന്നിവരും ഇത്തവണത്തെ മേളയിലെ പ്രധാന ആകർഷണങ്ങളാണ്.
‘കഥകളാൽ മെനഞ്ഞത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ ഇന്ത്യയടക്കം 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകരും പ്രദർശകരും അണിനിരക്കും. 1,500 സാംസ്കാരിക, വിനോദ, സർഗാത്മക പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
പ്രശസ്ത അമേരിക്കൻ-കനേഡിയൻ മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ജോൺ വൈലന്റ്, സയൻസ് ഫിക്ഷൻ രചയിതാവ് നേഡി ഒക്കോറഫോർ, ചൈനീസ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലിയു ഷെൻയുൻ, പ്രശസ്ത ക്രൈം ത്രില്ലർ എഴുത്തുകാരായ ക്ലെയർ മക്കിന്റോഷ്, കാരൻ ഡിയോൺ എന്നിവരും മേളയിൽ പങ്കെടുക്കും.
ഡിജിറ്റൽ സംസ്കാരവും നിർമിതബുദ്ധിയും (എഐ) നേതൃത്വപാടവവും വിഷയമാക്കി പുസ്തകങ്ങളെഴുതിയ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രഫസർ റെഹാൻ ഖാൻ, ഇസ്ലാമിക് കലയും സമകാലിക ഡിസൈനും കോർത്തിണക്കുന്ന ഓസ്ട്രേലിയൻ ഡിസൈനർ പീറ്റർ ഗൗൾഡ്, പ്രശസ്ത ടെക്നോളജി പോഡ്കാസ്റ്റർ ബ്രയാൻ മക്കല്ലോ എന്നിവർ വിവിധ ചർച്ചകളിൽ പങ്കാളികളാകും.
ഫിലിപ്പീൻസിൽ നിന്നുള്ള ഫൂഖ്വോക്ക അക്കാദമിക് പ്രൈസ് ജേതാവും ചരിത്രകാരനുമായ അംബേത് ആർ. ഒകാമ്പോ, കവി ക്രിസ്റ്റ്യൻ എസ്. കോർഡെറോ, സിംഗപ്പൂർ കവയിത്രി നതാലി വാങ്, തായ് കവി രെവാത് പൻപിപത് തുടങ്ങിയ ഏഷ്യൻ സാഹിത്യരംഗത്തെ പ്രമുഖരും പുസ്തകമേളയുടെ ഭാഗമാകും. കുട്ടികളുടെ സാഹിത്യത്തിലും വിദ്യാഭ്യാസ രംഗത്തും കഴിവ് തെളിയിച്ച എലിസബത്ത്-ഐറിൻ ബെയ്റ്റി, നാസ് ഖാൻ തുടങ്ങിയവരും മേളയിൽ എത്തും.
കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ ഇപ്രാവശ്യത്തെ പുസ്തകമേളയിലെ അതിഥികളിലൊരാളാണ്. ഇതാദ്യമാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ നിന്നുള്ള മുഖ്യമന്ത്രി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയാകുന്നത്. മലയാളത്തിൽ നിന്ന് അശോകൻ ചരുവിൽ, പി.കെ.ഗോപി, ബി.കെ.ഹരിനാരായണൻ, അംബികാസുതൻ മാങ്ങാട് തുടങ്ങിയവരും സംബന്ധിക്കും.