ജിഡിആർഎഫ്എ ദുബായ് സയന്‍റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്റ്റോബർ 15 വരെ അവസരം
ദുബായ്: ശാസ്ത്രീയ ഗവേഷണങ്ങളെയും നൂതന ആശയങ്ങളെയും പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാൻ ഗവേഷകർക്കും ഇന്നൊവേറ്റർമാർക്കും അവസരമൊരുക്കി ജിഡിആർഎഫ്എ ദുബായുടെ നേതൃത്വത്തിൽ സയന്‍റിഫിക് റിസർച്ച് അവാർഡിന്‍റെ രണ്ടാം പതിപ്പ് നടത്തുന്നു.
യുഎഇയ്ക്കകത്തും പുറത്തുമുള്ള വ്യക്തികൾക്കും സർക്കാർ, അർധസർക്കാർ, സ്വകാര്യ, അക്കാദമിക് സ്ഥാപനങ്ങൾക്കും അവാർഡിൽ പങ്കെടുക്കാം. 2026 ഒക്റ്റോബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ഗവേഷണ-വികസന-നവീകരണ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുക, ഉയർന്ന നിലവാരമുള്ള ശാസ്ത്രീയവും വിജ്ഞാനാധിഷ്ഠിതവും സാങ്കേതികവുമായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, അവയുടെ ഫലങ്ങൾ പ്രായോഗികമായി ഉപയോഗിക്കാൻ വഴിയൊരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബായ് അവാർഡ് സംഘടിപ്പിക്കുന്നത്. ഡിജിറ്റൽ ഇന്നൊവേഷൻ അവാർഡ്, ലീഡർഷിപ്പ് ആൻഡ് നോളജ് മാനേജ്മെന്‍റ് അവാർഡ്, ദുബായ് റെസിഡൻസി സർവീസസ് അവാർഡ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് പുരസ്കാരം.
സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സ്ഥാപന വികസനത്തിനും നവീകരണത്തിനും സഹായകമാകുന്ന ഗവേഷണങ്ങൾക്കും പ്രായോഗിക പദ്ധതികൾക്കുമാണ് പ്രാധാന്യം നൽകുന്നത്.ഡിജിറ്റൽ ഇന്നൊവേഷൻ വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സ്മാർട്ട് ഇന്നൊവേഷൻ, അഡ്വാൻസ്ഡ് ഡാറ്റ അനലിറ്റിക്സ്, ഇലക്ട്രോണിക്സ് ആൻഡ് സ്മാർട്ട് സിസ്റ്റംസ്, നൂതന സാങ്കേതിക-സോഫ്റ്റ്‌വെയർ പരിഹാരങ്ങൾ തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു.
ശാസ്ത്രീയ ഗവേഷണത്തെ അക്കാദമിക് പ്രവർത്തനമായി മാത്രം കാണാതെ വെല്ലുവിളികളെ അവസരങ്ങളായും ആശയങ്ങളെ പരിഹാരങ്ങളായും മാറ്റുന്നതിനുള്ള ഉപാധിയായാണ് ജിഡിആർഎഫ്എ ദുബായ് സമീപിക്കുന്നതെന്ന് മേധാവി ലഫ് : ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. അവാർഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജിഡിആർഎഫ്എ ദുബായിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലെ ബയോയിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്തി അപേക്ഷ സമർപ്പിക്കാം. ഒക്റ്റോബർ 15നകം അപേക്ഷ സമർപ്പിക്കണം.അവാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും researchaward.gdrfad@dnrd.ae എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്