സ്വര്‍ണ നിക്ഷേപ രംഗത്ത് സഹകരിക്കാൻ അസ്‌പോറയും ഓ ഗോള്‍ഡും തമ്മിൽ ധാരണ: 5 ദിര്‍ഹം മുതലുള്ള നിക്ഷേപങ്ങള്‍ക്ക് അവസരം

 
Pravasi

സ്വര്‍ണ നിക്ഷേപ രംഗത്ത് സഹകരിക്കാൻ അസ്‌പോറയും ഓ ഗോള്‍ഡും തമ്മിൽ ധാരണ: 5 ദിര്‍ഹം മുതലുള്ള നിക്ഷേപങ്ങള്‍ക്ക് അവസരം

പരമ്പരാഗത സ്വര്‍ണ നിക്ഷേപ രീതികളില്‍ നിന്ന് മാറി, സ്വര്‍ണം ഡിജിറ്റല്‍ രൂപത്തില്‍ നിക്ഷേപിക്കുവാനാണ് ഇരു കമ്പനികളും അവസരമൊരുക്കുന്നത്

UAE Correspondent

ദുബായ്: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സ്വര്‍ണ നിക്ഷേപരംഗത്ത് പുത്തന്‍ സാധ്യതകളൊരുക്കി ധനവിനിമയ സ്ഥാപനമായ അസ്‌പോറയും ഡിജിറ്റല്‍ പ്രഷ്യസ് മെറ്റല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ ഓ ഗോള്‍ഡും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി.

ഈയിടെ നടന്ന ദുബായ് ഫിന്‍ടെക് ഉച്ചകോടിയിലെ പ്രഖ്യാപനപ്രകാരം രാജ്യത്തെ രണ്ട് ദശലക്ഷത്തോളം പേര്‍ക്ക് ഓ ഗോള്‍ഡില്‍ സ്വര്‍ണം നിക്ഷേപിച്ച് ലാഭം നേടാന്‍ അവസരമൊരുങ്ങി. പരമ്പരാഗത സ്വര്‍ണ നിക്ഷേപ രീതികളില്‍ നിന്ന് മാറി, സ്വര്‍ണം ഡിജിറ്റല്‍ രൂപത്തില്‍ നിക്ഷേപിക്കുവാനാണ് ഇരു കമ്പനികളും അവസരമൊരുക്കുന്നത്. വളരെ കുറഞ്ഞ അളവിലുള്ള സ്വര്‍ണം നിക്ഷേപിക്കാനാകുമെന്നതാണ് സവിശേഷത.

അഞ്ച് ദിര്‍ഹം മുതല്‍ മൂല്യമുള്ള സ്വര്‍ണം ഇതുവഴി വാങ്ങുകയോ വില്‍ക്കുകയോ നിക്ഷേപമായി സൂക്ഷിക്കുകയോ ചെയ്യാം. നിബന്ധനകള്‍ക്ക് വിധേയമായി വര്‍ഷം മൂന്ന് ശതമാനം അധിക വരുമാനത്തിനുള്ള അവസരവുമുണ്ട്. സ്വര്‍ണ വില മാറുന്നതിന് അനുസരിച്ച് അധിക വരുമാന ലഭ്യതയില്‍ മാറ്റങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. ലളിതമാര്‍ന്ന ഡിജിറ്റല്‍ എന്‍ആര്‍ഐ ബാങ്കിങ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന അസ്‌പോറയുടെ സ്വര്‍ണ നിക്ഷേപ രംഗത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണിത്. ശരീഅ നിബന്ധനകള്‍ക്ക് വിധേയമായി, വളരെ കുറഞ്ഞ അളവിലുള്ള സ്വര്‍ണം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപിക്കാമെന്നതാണ് ഓ ഗോള്‍ഡിന്‍റെ സവിശേഷത.

നിലവില്‍ അസ്‌പോറ ആപ്പ് മുഖേന സ്വര്‍ണ നിക്ഷേപം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. സ്വര്‍ണം എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയും അത് ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സൗകര്യമുണ്ടാക്കുകയും ചെയ്യുകയെന്നതാണ് ഓ ഗോള്‍ഡിന്‍റെ ദൗത്യമെന്ന് സ്ഥാപകന്‍ ബന്ദര്‍ അല്‍ ഒത്ത്മാന്‍ ചൂണ്ടിക്കാട്ടി.