പക്ഷി ഇടിച്ചു; ഡൽഹിയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം വൈകി
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം പക്ഷി ഇടിച്ചതിനെത്തുടർന്ന് വൈകിയതായി റിപ്പോർട്ട്. ദുബായിൽ നിന്നും ഡൽഹിയിലെത്തിയ ഇകെ 517 നമ്പർ എമിറേറ്റ്സ് വിമാനത്തിലാണ് പക്ഷി ഇടിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒക്റ്റോബർ 18ന് രാവിലെ 7 മണിക്ക് വിമാനം ദുബായിലേക്ക് പുറപ്പെടും വിധമാണ് യാത്രാക്രമീകരണങ്ങൾ പുനഃക്രമീകരിച്ചിരിക്കുന്നത്.
വിമാനത്തിന്റെ സുരക്ഷാ പരിശോധനകളും ആവശ്യമായ അറ്റകുറ്റപ്പണികളും പൂർത്തിയാക്കേണ്ടതുളളതിനാലാണ് മടക്കയാത്ര വൈകുന്നതെന്ന് എമിറേറ്റ്സ് അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനത്തിന്റെ നോസ് കോൺ ഭാഗത്ത് പക്ഷി ഇടിച്ചതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചതായി വാർത്താ ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്.
യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ എമിറേറ്റ്സ് അധികൃതർ ഖേദം പ്രകടിപ്പിച്ചു. മുഴുവൻ യാത്രക്കാർക്കും വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. യാത്രാവേളയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും, ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും എമിറേറ്റ്സ് കൂട്ടിച്ചേർത്തു.