വി.ഡി. സതീശൻ, മുഖ്യമന്ത്രി

 
Pravasi

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക അതിഥി

വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരും ചിന്തകരും കലാകാരന്മാരുമടങ്ങുന്ന പ്രമുഖർക്കൊപ്പമാണ് മികച്ച വായനക്കാരനും എഴുത്തുകാരനും പ്രസംഗകനുമായ അദ്ദേഹം എത്തുന്നത്

MV Desk

ദുബായ്: നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 45 മത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക അതിഥിയായി പങ്കെടുക്കും.

വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരും ചിന്തകരും കലാകാരന്മാരുമടങ്ങുന്ന പ്രമുഖർക്കൊപ്പമാണ് മികച്ച വായനക്കാരനും എഴുത്തുകാരനും പ്രസംഗകനുമായ അദ്ദേഹം എത്തുന്നത്.

നവംബർ 6 ന് വൈകീട്ട് ഷാർജ എക്സ്പോ സെന്‍ററിലെ ബോൾ റൂമിൽ നടക്കുന്ന മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വി.ഡി. സതീശൻ സദസുമായി സംവദിക്കും.

ഇതാദ്യമാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ നിന്നുള്ള മുഖ്യമന്ത്രി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഔദ്യോഗിക അതിഥിയായി എത്തുന്നത്. ഒക്റ്റോബർ 13ന് ഷാർജ ബുക്ക് അതോറിറ്റി കേന്ദ്രത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തീയതി ഷാർജ ബുക്ക് അതോറിറ്റി പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

'കഥകളാൽ മെനഞ്ഞത്' (മെയ്ഡ് ഓഫ് സ്റ്റോറീസ്) എന്ന പ്രമേയത്തിൽ നടക്കുന്ന പുസ്തകമേള നവംബർ 4ന് യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. ഇന്ത്യയടക്കം 106 രാജ്യങ്ങളിൽ നിന്ന് 2200 പ്രസാധകർ 15 ലക്ഷത്തിലേറെ ടൈറ്റിലുകളുമായി മേളയിൽ പങ്കെടുക്കുന്നുണ്ട്.

1500ലേറെ പരിപാടികളാണ് 12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ അരങ്ങേറുക. മലയാളത്തിൽ നിന്ന് കവി പി.കെ. ഗോപി, അംബികാസുതൻ മാങ്ങാട്, ബി.കെ. ഹരിനാരായണൻ, അശോകൻ ചരുവിൽ തുടങ്ങിയവർ പങ്കെടുക്കും.