സ്പോൺസർ അനധികൃതമായി പാസ്‌പോർട്ട് പിടിച്ചുവച്ചാൽ ഓൺലൈനായി പരാതി നൽകാം; ദുബായ് ജിഡിആർഎഫ്എ വെബ്‌സൈറ്റിൽ സൗകര്യം
ദുബായ്: സ്പോൺസറോ മറ്റൊരാളോ അനധികൃതമായി പാസ്‌പോർട്ട് പിടിച്ചുവെക്കുന്നതിനെതിരേ ഇനി ജിഡിആർഎഫ്എ ദുബായിൽ ഓൺലൈനായി പരാതി നൽകാം. ഇതിനായി ജനറൽ ഡയറക്‌ട്രേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് വെബ്‌സൈറ്റിൽ ഇലക്ട്രോണിക് പരാതി സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച വിവരങ്ങൾ ജിഡിആർഎഫ്എ ദുബായ് തങ്ങളുടെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പാസ്‌പോർട്ട് കൈവശം വെച്ചതുമായി ബന്ധപ്പെട്ട പരാതികൾ ഈ സംവിധാനത്തിലൂടെ സമർപ്പിക്കാം. പരാതി ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. തൊഴിലുടമയോ ,കമ്പനിയോ, ജീവനക്കാരന്‍റെ അനുമതിയില്ലാതെ പാസ്‌പോർട്ട് പിടിച്ചുവക്കാൻ പാടില്ല എന്നാണ് നിയമം.
ഓൺലൈനായി പരാതി നൽകേണ്ടത് ഇങ്ങനെ
ജിഡിആർഎഫ്എ ദുബായുടെ സ്മാർട്ട് സർവീസ് പോർട്ടലായ smart.gdrfad.gov.ae വഴിയാണ് പരാതി നൽകേണ്ടത്.
1, വ്യക്തിഗത വിഭാഗത്തിൽ പ്രവേശിക്കുക.
2, അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
3,ന്യൂ റിക്വസ്റ്റ് തെരഞ്ഞെടുക്കുക.
4, ലീഗൽ അഫയേഴ്‌സ് സർവീസ് വിഭാഗത്തിലേക്ക് പ്രവേശിക്കുക.
5,ആവശ്യമായ സേവനം തെരഞ്ഞെടുക്കുക.
6,ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും തെളിവുകളും അപ്‌ലോഡ് ചെയ്ത് പരാതി സമർപ്പിക്കുക.
പരാതിയിൽ സംഭവിച്ച കാര്യങ്ങൾ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തണം. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നം തെളിയിക്കാൻ ലഭ്യമായ രേഖകളും മറ്റ് തെളിവുകളും പരാതിയോടൊപ്പം സമർപ്പിക്കുന്നത് വിഷയത്തിൽ അതിവേഗത്തിൽ നടപടി സ്വീകരിക്കാൻ സഹായിക്കും.
പരാതി ലഭിച്ച ശേഷം ബന്ധപ്പെട്ട വിഭാഗം വിഷയം പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തുകയും ചെയ്യും.