ഡാനിയൽ ലാസർ
ദുബായ്: അജ്മാനിലെ വിദ്യാഭ്യാസ രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ വിദ്യാഭ്യാസ പ്രവർത്തകൻ തിരുവനന്തപുരം സ്വദേശി ഡാനിയൽ ലാസർ(84) അന്തരിച്ചു.
ലാസർ ഗ്രൂപ്പിന്റെയും നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെയും സ്ഥാപകനാണ്. എൻജിനീയറും സംരംഭകനും വിദ്യാഭ്യാസപ്രവർത്തകനും മനുഷ്യസ്നേഹിയുമായിരുന്ന അദ്ദേഹം യുഎഇയുടെ വടക്കൻ എമിറേറ്റുകളിലെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു.
നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ ചെയർമാനായ ലാൻസൺ ലാസർ പിതാവിന്റെ വിദ്യാഭ്യാസദർശനങ്ങളും സേവനമനോഭാവവും മുന്നോട്ട് കൊണ്ടുപോകുന്നു. 1968 ഏപ്രിൽ 8-നാണ് അദ്ദേഹം യുഎഇയിലെത്തിയത്. ഭാര്യ-ശോശാമ്മ ലാസർ. മക്കൾ- ലാൻസൺ ലാസർ, ലിൻസി ലാസർ.
ദ് റോയൽ അക്കാദമി പ്രിൻസിപ്പൽ ഡോ. പ്രേമ മുരളീധർ, മുതിർന്ന അധ്യാപിക കൃപലത, അസ്മാ ഹോസ്നി, ദ് ബ്ലൂമിങ്ടൺ അക്കാദമി പ്രിൻസിപ്പൽ ഹുസൈന ബീഗം നൂർ ഷെരീഫ്, ദ് ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ടെറി ബർവെൽ, ദി യെല്ലോ ബസ് ടീം അംഗങ്ങൾ, ആർജിഎംസി അംഗങ്ങൾ തുടങ്ങിയവരും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.