അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മെട്രൊ നീട്ടാൻ തീരുമാനം

 
Pravasi

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മെട്രൊ നീട്ടാൻ തീരുമാനം; പദ്ധതിക്ക് അംഗീകാരം നൽകി ദുബായ് കിരീടാവകാശി

ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് 1,100 കോടി ദിർഹത്തിലധികം മൂല്യമുള്ള പുതിയ തന്ത്രപ്രധാന പദ്ധതികൾക്ക് അംഗീകാരം നൽകിയത്

MV Desk

ദുബായ്: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് ദുബായ് മെട്രൊ വ്യാപിപ്പിക്കുമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് 1,100 കോടി ദിർഹത്തിലധികം മൂല്യമുള്ള പുതിയ തന്ത്രപ്രധാന പദ്ധതികൾക്ക് അംഗീകാരം നൽകിയത്.

റൂട്ട് 2020 മെട്രൊ പാത അൽ മക്തൂം ഇന്‍റർനാഷണൽ എയർപോർട്ട് സിറ്റിയിലേക്ക് നീട്ടുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം. 2031-ഓടെ ഈ പാതയിലൂടെയുള്ള സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ജനസാന്ദ്രതയേറിയ റെസിഡൻഷ്യൽ മേഖലകളെ വിമാനത്താവളത്തിന്‍റെ വെസ്റ്റ് ടെർമിനലുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പദ്ധതി.

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് എൻജിനീയറിങ് പ്രോജക്റ്റ്സ് എസ്റ്റാബ്ലിഷ്‌മെന്‍റും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 3 കിലോമീറ്റർ നീളത്തിൽ രണ്ട് പുതിയ സ്റ്റേഷനുകളാണ് ഈ പാതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവള എക്സ്പ്രസ് ലെയ്‌നും ഇത്തിഹാദ് റെയിലിന്‍റെ അതിവേഗ റെയിൽ നെറ്റ്‌വർക്കുമായി മെട്രൊയെ ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്കും ജീവനക്കാർക്കും സഞ്ചാരം കൂടുതൽ എളുപ്പമാകും.