ഏഴ് പ്രവാസി നർത്തകിമാർ

 
Pravasi

തിരുമധുരമായി അരങ്ങേറ്റം; ഗുരുവായൂരിൽ നിറഞ്ഞാടി പ്രവാസി നർത്തകിമാർ

മോഹിനിയാട്ടത്തിന്‍റെ സമഗ്രസൗന്ദര്യവും ആവാഹിച്ചായിരുന്നു ഏഴ് പേരുടെയും ചുവടുകൾ.

MV Desk

ഗുരുവായൂർ: വിരൽത്തുമ്പിൽ വിരിഞ്ഞ മുദ്രകളും ആത്മവിശ്വാസം തുളുമ്പുന്ന ചുവടുകളുമായി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നിറഞ്ഞാടി പ്രവാസി നർത്തകിമാർ. ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനമായ പരിശീലനത്തിനും ഒടുവിൽ മോഹിനിയാട്ടത്തിന്‍റെ സമഗ്രസൗന്ദര്യവും ആവാഹിച്ചായിരുന്നു ഏഴ് പേരുടെയും ചുവടുകൾ.

പ്രവാസത്തിന്‍റെ അതിരുകൾ ഭേദിച്ച് സ്വപ്നം സാക്ഷാത്കരിച്ചതിന്‍റെ സന്തോഷത്തിലാണ് വിമി ബിഗ്ലി, ഉമ കൃഷ്ണൻ, സോന സജീഷ്, ജീ മോൾ രാജീവ്‌, അഞ്ജലി രാജ്, ഐശ്വര്യ സിജു, അലക കെ.എൻ എന്നിവരടങ്ങുന്ന നർത്തകസംഘം. കുടുംബം, ജോലി, കുട്ടികളുടെ പഠനം തുടങ്ങിയ പ്രവാസലോകത്തെ വലിയ ഉത്തരവാദിത്തങ്ങൾക്കിടയിലാണ് ഇവർ നൃത്തപഠനം പൂർത്തിയാക്കിയത്.

ബഹ്‌റിനിൽ നിന്ന് ഗുരുവായൂരിലേക്ക്

നൃത്താധ്യാപിക ആർഎൽവി സന്ധ്യ പ്രചോദിന്‍റെ കീഴിൽ മൂന്ന് വർഷം മുൻപ് ബഹ്റിനിൽ വെച്ചാണ് ഇവർ നൃത്തപഠനം ആരംഭിച്ചത്. ടീച്ചറുടെ ചിട്ടയായ പരിശീലനവും കൃത്യമായ ശിക്ഷണവും ഏഴു പേരുടെയും ചുവടുകൾക്ക് കരുത്തു പകർന്നു.

പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ നൃത്തം പരിശീലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഗുരുവായൂരിൽ അരങ്ങേറ്റം നടത്തിയതിന്‍റെ സന്തോഷമാണ് ഇപ്പോൾ മനസ്സിലുള്ളതെന്നും ഇതിൽ കൂടുതൽ ഒന്നും ഇനി പുണ്യമായി കിട്ടാനില്ലെന്ന തോന്നലാണ് ഈ അരങ്ങേറ്റം സമ്മാനിച്ചതെന്നും നർത്തകിമാരിൽ ഒരാളായ സോനാ സജീഷ് പറയുന്നു. തങ്ങളുടെ കഠിന പരിശ്രമങ്ങൾക്ക് ഗുരുവായൂരപ്പൻ നൽകിയ തിരുമധുരമാണ് ഈ മുഹൂർത്തമെന്ന് സോന തന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ഒരുപാട് വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും ശുഭപ്തിവിശ്വാസം ഒന്നു കൊണ്ട് മാത്രമാണ് ഈ പ്രായത്തിൽ ഇങ്ങനെ ഒരു അരങ്ങേറ്റം കണ്ണന്‍റെ തിരുമുറ്റത്ത് സാധ്യമാക്കാൻ കഴിഞ്ഞതെന്ന് സോനാ സജീഷ് അടിവരയിടുന്നു. നൃത്തം എന്നത് ഏറ്റവും നല്ലൊരു വ്യായാമം കൂടിയാണെന്നും, അത് മനസ്സിനും ശരീരത്തിനും പുതിയൊരു ഉണർവാണ് നൽകുന്നതെന്നും സോന പറയുന്നു.

വേദനകളെ തോൽപ്പിച്ച നർത്തകി

​ബഹ്റിനിലെ പ്രവാസജീവിതത്തിനിടയിലും ശസ്ത്രക്രിയ നൽകിയ കഠിനമായ ശാരീരിക-മാനസിക പരീക്ഷണങ്ങളെ അതിജീവിച്ചാണ് അഞ്ജലി രാജ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ചിലമ്പണിഞ്ഞത്. വിശ്രമിക്കാൻ പലരും നിർദേശിച്ചപ്പോഴും ശസ്ത്രക്രിയ കഴിഞ്ഞ് വെറും നാലു മാസത്തിനുള്ളിൽ, ആത്മവിശ്വാസത്തിന്‍റെയും ഗുരുവിന്‍റെയും കുടുംബത്തിന്‍റെയും പിന്തുണയോടെ അഞ്ജലി ആ സ്വപ്നം യാഥാർഥ്യമാക്കി. തന്‍റെ യാത്ര മറ്റ് സ്ത്രീകൾക്ക് സ്വപ്നങ്ങൾ പിന്തുടരാൻ പ്രചോദനമാകുമെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷമെന്നും, കല മത്സരത്തിനല്ല, മറിച്ച് ആത്മാവിനെ സമ്പന്നമാക്കാനുള്ള സാധനയാണെന്ന് വിശ്വസിച്ച് നൃത്തയാത്ര തുടരുമെന്നും അഞ്ജലി.

നന്ദിയോടെ, കടപ്പാടോടെ, നൃത്തയാത്ര തുടരും

​ഈ നൃത്തയാത്ര ഇവിടെക്കൊണ്ട് അവസാനിപ്പിക്കാൻ ഇവർ ഉദ്ദേശിക്കുന്നില്ല. നൃത്താഭ്യാസം ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകണം എന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം. തങ്ങൾ ഇവിടെ വരെ എത്തിച്ചേരാൻ അധ്യാപികയായ സന്ധ്യ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും സോനാ സജീഷ് സ്മരിക്കുന്നു. ടീച്ചർക്ക് എല്ലാ പിന്തുണയുമായി പ്രചോദും ഒപ്പമുണ്ടായിരുന്നു. ഇതിനൊപ്പം ഓരോരുത്തരുടെയും കുടുംബം നൽകിയ വലിയ പിന്തുണയും പ്രോത്സാഹനവും കൂടിയായപ്പോഴാണ് ഈ സ്വപ്നസാഫല്യം സാധ്യമായത്. എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമാണുള്ളതെന്ന് നർത്തകിമാർ ഒരേസ്വരത്തിൽ പറയുന്നു. വലിയൊരു ലക്ഷ്യം ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്‍റെ ആത്മസംതൃപ്തിയും ആനന്ദാശ്രുക്കളും ആ പ്രവാസി നർത്തകിമാരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു.

ഡൽഹിയിലെ ചെങ്കോട്ടയിൽ ബോംബ് ഭീഷണി

ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളി ഫ്രാന്‍സില്‍ അറസ്റ്റില്‍; പിടിയിലായത് കൊമേഡിയന്‍ കപില്‍ ശര്‍മയുടെ കഫേയ്ക്ക് നേരെയുണ്ടായ വെടിവെപ്പിലെ പ്രതി

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; തെരച്ചിൽ അഞ്ചാം ദിനവും തുടരുന്നു

മട്ടൺ വിളമ്പുമെന്ന് വാക്കു നൽകിയിട്ട് ചിക്കൻ വിളമ്പി; വിവാഹവീട്ടിൽ തല്ല്, 12 പേർക്ക് പരുക്ക്|Video

നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്തത് 50 കോടി; സ്വിറ്റ്സർലാൻഡിൽ ടൂർ പോയ ഇന്ത്യൻ ദമ്പതികളെ കാണാതായി