ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ സന്ദർശിക്കുന്നു
ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമം ധീരമായി ചെറുത്ത് 172 ജീവനുകൾ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇതിന്‍റെ ചിത്രങ്ങളും ഹൃസ്വ കുറിപ്പും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പോസ്റ്റ് ചെയ്തു.
ധീരതയുടെയും ഉത്തരവാദിത്തബോധത്തിന്‍റെയും മാനുഷിക മൂല്യങ്ങളുടെയും പരമോന്നത മാതൃകയായി മാറിയ ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ചപ്പോൾ എന്ന് വരികളോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ഞങ്ങളുടെയും രാജ്യത്തിന്‍റെ ഭരണനേതൃത്വത്തിന്‍റെയും പൂർണമായ നന്ദിയും പ്രശംസയും അദ്ദേഹത്തെ അറിയിക്കുന്നു.
അദ്ദേഹം ഞങ്ങളുടെ ടീമിന്‍റെ ഭാഗമാണെന്നതിലും ഈ രാജ്യത്തിന്‍റെ ചരിത്രത്തിന്‍റെയും യുഎഇ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും ഭാഗമാണെന്നതിലും ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. കരുണയുടെയും സമാധാനത്തിന്‍റെയും ജീവന്‍റെയും നാടാണ് യുഎഇ എന്നും ഷെയ്ഖ് ഹംദാൻ കുറിച്ചു.