ദുബായ് ഫിറ്റ്നസ് ചലഞ്ച്; സമൂഹ ഓട്ടത്തിൽ പങ്കെടുത്ത് ദുബായ് ഇന്ത്യൻ കോൺസൽ ജനറലും യുഎഇ സാമ്പത്തിക മന്ത്രിയും

 
Pravasi

ദുബായ് ഫിറ്റ്നസ് ചലഞ്ച്; സമൂഹ ഓട്ടത്തിൽ പങ്കെടുത്ത് ദുബായ് ഇന്ത്യൻ കോൺസൽ ജനറലും യുഎഇ സാമ്പത്തിക മന്ത്രിയും

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സാമ്പത്തിക ടൂറിസം മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്

Sarath Nath MS

ദുബായ്: മുപ്പത് ദിവസത്തെ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി ജുമൈറ കൈറ്റ് ബീച്ചിൽ നടന്ന അഞ്ച് കിലോമീറ്റർ സമൂഹ ഓട്ടത്തിൽ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഡിയും യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൂഖ് അൽ മറിയും പങ്കെടുത്തു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സാമ്പത്തിക ടൂറിസം മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

മന്ത്രിയുടെ മേൽനോട്ടത്തിലും പിന്തുണയിലുമാണ് ഈ പുതിയ സംരംഭം സംഘടിപ്പിച്ചത്. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ, യുഎഇ - ഇന്ത്യ ബിസിനസ് കൗൺസിൽ, യങ് പ്രസിഡന്‍റ്സ് ഓർഗനൈസേഷൻ എന്നിവയിൽ നിന്നുള്ള അറുപതിലധികം ഇന്ത്യൻ വ്യവസായ പ്രമുഖരും സംരംഭകരും ഓട്ടത്തിൽ പങ്കെടുത്തു.

പ്രതിദിനം മുപ്പത് മിനിറ്റ് ശാരീരിക വ്യായാമം ശീലമാക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഫിറ്റ്നസ് ചലഞ്ച്. ഇന്ത്യൻ വ്യവസായ പ്രമുഖർക്കൊപ്പം യുഎഇയിലെ മന്ത്രി ഒരു സമൂഹ ഓട്ടത്തിൽ പങ്കെടുക്കുന്നത് ഇത് ആദ്യമായാണ്. മന്ത്രിയുടെ സാന്നിധ്യത്തിന് കോൺസൽ ജനറൽ നന്ദി രേഖപ്പെടുത്തി.

യുഎഇയിലെ ഇന്ത്യൻ സമൂഹം ഈ ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്ത് ആരോഗ്യം ജീവിതത്തിന്‍റെ ഭാഗമാക്കണമെന്ന് കോൺസൽ ജനറൽ ആഹ്വാനം ചെയ്തു. വ്യാപാരത്തിനും നയതന്ത്ര ബന്ധത്തിനും അപ്പുറം സമൂഹത്തിന്‍റെ ആരോഗ്യവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ലക്ഷ്യമിട്ടുള്ള ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മളമായ സൗഹൃദമാണ് ഈ പരിപാടിയിലൂടെ വ്യക്തമായത്.