ദുബായ് ഇമിഗ്രേഷന്‍റെ ലേബർ റൺ ഞായറാഴ്ച
ദുബായ്: തൊഴിലാളികളുടെ ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ലേബർ റൺ 2026’ ഞായറാഴ്ച (ജനുവരി 25) നടക്കും. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്‍റെ സഹകരണത്തോടെ നടത്തുന്ന പരിപാടിക്ക് ഖുറാനിക് പാർക്കിൽ രാവിലെ 7.30-ന് തുടക്കമാവും.“Together, We Run to Support Workforce Health” എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുക്കും. പുരുഷന്മാർക്കായി 6 കിലോമീറ്റർ, 3 കിലോമീറ്റർ വിഭാഗങ്ങളും സ്ത്രീകൾക്കായി 3 കിലോമീറ്റർ വിഭാഗവുമാണ് ഒരുക്കിയിരിക്കുന്നത്.
തൊഴിലാളി സമൂഹത്തിന്‍റെ ക്ഷേമത്തിന് ദുബായ് നൽകുന്ന പ്രാധാന്യത്തിന്‍റെ ഭാഗമാണ് ഈ സംരംഭമെന്ന് ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
യുഎഇയുടെ സുസ്ഥിര വികസനത്തിന്‍റെയും പുരോഗതിയുടെയും പ്രധാന തൂണുകളാണ് തൊഴിലാളി സമൂഹമെന്നും, അവരുടെ പ്രയത്നങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യവും സന്തോഷകരമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുകയാണ് ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ദുബായ് - ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബായ് പെർമനന്‍റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്‌സ് ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
സർക്കാർ–സ്വകാര്യ മേഖലകളുടെ സഹകരണത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ പരിപാടിയെന്നും മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. സൂപ്പർ ഫിറ്റ് വർക്ക്ഫോഴ്സ്, സൂപ്പർ ഹിറ്റ് വർക്ക്ഫോഴ്സ്” എന്ന സന്ദേശമുയർത്തുന്ന ഏഴാമത് ലേബർ റണ്ണിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റി, തഖ്‌ദീർ അവാർഡ് ഉൾപ്പെടെയുള്ളവ സംരംഭത്തിന് പിന്തുണ നൽകുന്നുണ്ട്.