രമേശ് ചെന്നിത്തല

 
Pravasi

ദുബായ് കെഎംസിസി സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക്

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്

UAE Correspondent

ദുബായ്: മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരത്തിന് കേരള ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല അര്‍ഹനായി.

ദുബായിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ സല്‍മാന്‍ ഇബ്രാഹിം പുരസ്‌കാര പ്രഖ്യാപനം നടത്തി. പൊതുരംഗത്തെയും പാര്‍ലമെന്‍ററി രംഗത്തെയും അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ നിസ്വാര്‍ത്ഥ സേവനങ്ങളും മികച്ച സംഭാവനകളും മുന്‍നിര്‍ത്തിയാണ് ഈ അംഗീകാരം. പി.എ. സല്‍മാന്‍ ഇബ്രാഹിം ചെയര്‍മാനും, പൊയില്‍ അബ്ദുല്ല, എം.സി. വടകര, ടി.ടി. ഇസ്മായില്‍, സി.കെ. സുബൈര്‍ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

നവംബര്‍ 14ന് വൈകിട്ട് 6 മണിക്ക് ദുബായ് ഖിസൈസിലെ ഹാംപ്ടണ്‍ ഹൈറ്റ്‌സ് ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന സി.എച്ച്. അന്തർദേശിയ ഉച്ചകോടിയിൽ പുരസ്‌കാരം സമ്മാനിക്കും.

മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സി.പി. ജോണ്‍, ഡോ. ശശി തരൂര്‍ എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.സി. വേണുഗോപാല്‍, പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീന്‍ എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്‌കാര ജേതാക്കള്‍. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും കേരളാ വ്യവസായ, ഐടി, എഐ മന്ത്രിയുമായ പി.കെ. കുഞ്ഞാലികുട്ടി, പി.കെ. നവാസ് എംഎല്‍എ തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും, ബിസിനസ് പ്രമുഖരും, മുസ്ലിം ലീഗ്, കെഎംസിസി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ കെ.പി. മുഹമ്മദ് (പ്രസിഡന്‍റ്), സയ്യിദ് ജലീല്‍ മഷ്ഹൂര്‍ (ജനറല്‍ സെക്രട്ടറി), ഹംസ കാവില്‍ (ട്രഷറര്‍), തുടങ്ങിയവർവാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.