ദുബായ് എംഎസ്എസ് മേയ് ഡേ ചാമ്പ്യൻഷിപ്പ്; പങ്കെടുത്തത് 2500 ലധികം തൊഴിലാളികൾ
ദുബായ്: അന്താരാഷ്ട്ര തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്) സംഘടിപ്പിച്ച “എംഎസ്എസ് മേയ് ഡേ ചാമ്പ്യൻഷിപ്പ് 2026”ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ ഒന്നിൽ നടന്നു. രണ്ടായിരത്തി അഞ്ഞൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ സെക്രട്ടറി ജനറൽ അബ്ദുള്ള ലഷ്കരി പരിപാടി ഉദ്ഘാടനം ചെയ്തു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എംഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ ദുബായ് പൊലീസിന്‍റെ “സ്പിരിറ്റ് ഓഫ് ദുബായ്”വിഭാഗവും സജീവമായി പങ്കെടുത്തു.
തൊഴിലാളികളുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കുമായി ദുബായ് സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് സെക്രട്ടറി ജനറൽ അബ്ദുള്ള ലഷ്കരി ചടങ്ങിൽ വിശദീകരിച്ചു. തൊഴിലാളികളെ ഒരുമിപ്പിക്കുകയും അവരുടെ ആത്മവിശ്വാസവും കൂട്ടായ്മയും വർധിപ്പിക്കുകയും ചെയ്യുന്ന എംഎസ്എസിന്‍റെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ സാധാരണ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എംഎസ്എസ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് എംഎസ്എസ് ചെയർമാൻ ഫയാസ് അഹമ്മദ് പറഞ്ഞു. തൊഴിലാളികൾക്കായി കൂടുതൽ സമ്മാന പദ്ധതികളും പ്രോത്സാഹന പരിപാടികളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ജനറൽ പ്രോഗ്രാം കൺവീനർ മുഹമ്മദ് ഇജാസ്, വൈസ് ചെയർമാൻ നസീർ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.