ദുബായിൽ അഞ്ചിടങ്ങളിൽ വേഗപരിധിയിൽ മാറ്റം വരുത്തി പൊലീസും ആർടിഎയും

 
Pravasi

ദുബായിൽ അഞ്ചിടങ്ങളിൽ വേഗപരിധിയിൽ മാറ്റം വരുത്തി പൊലീസും ആർടിഎയും

2026 നവംബർ 1 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും

UAE Correspondent

ദുബായ്: നഗരത്തിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധി പരിഷ്‌കരിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസ് ജനറൽ കമാൻഡും അറിയിച്ചു.

2026 നവംബർ 1 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. റോഡ് സുരക്ഷയും ഗതാഗത പ്രവാഹവും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി അന്താരാഷ്ട്ര കൺസൾട്ടന്‍റുകളുടെ സഹകരണത്തോടെ നടത്തിയ എഞ്ചിനീയറിങ് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വേഗപരിധി പരിഷ്കരിക്കുന്നതെന്ന് ആർടിഎ അറിയിച്ചു.

അൽ അസയിൽ റോഡിൽ ഔദ് മേത്ത റോഡിനും അൽ മെയ്ദാൻ റോഡിനും ഇടയിൽ വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി വർധിപ്പിക്കും. അൽ മുസ്തഖ്ബൽ റോഡിൽ ഷെയ്ഖ് റാഷിദ് റോഡിനും അൽ മെയ്ദാൻ റോഡിനും ഇടയിൽ വേഗപരിധി മണിക്കൂറിൽ 60-ൽ നിന്ന് 70 കിലോമീറ്ററായും, ലത്തീഫ ബിന്ത് ഹംദാൻ റോഡിൽ ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിൽ വേഗപരിധി മണിക്കൂറിൽ 60-ൽ നിന്ന് 70 കിലോമീറ്ററായും ഉയർത്തിയിട്ടുണ്ട്. എന്നാൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചിട്ടുണ്ട്.

അൽ റിബാത് റോഡിൽ മറൈക്കേഷ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിൽ വേഗപരിധി മണിക്കൂറിൽ 100-ൽ നിന്ന് 90 കിലോമീറ്ററായി കുറച്ചു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് റോഡിൽ ഡിസംബർ 2 റോഡിനും ഖാലിദ് ബിൻ അൽ റോഡിനും ഇടയിൽ വേഗപരിധി മണിക്കൂറിൽ 80-ൽ നിന്ന് 70 കിലോമീറ്ററായും കുറച്ചിട്ടുണ്ട്. ഈ മാറ്റങ്ങളുടെ ഭാഗമായി റോഡുകളിൽ പുതിയ വേഗപരിധി ബോർഡുകൾ സ്ഥാപിക്കുമെന്നും, നവംബർ 1-ന് മുമ്പ് തന്നെ സ്പീഡ് ക്യാമറകൾ പുതിയ വേഗപരിധിക്ക് അനുസൃതമായി പുനഃക്രമീകരിക്കുമെന്നും ആർടിഎ വ്യക്തമാക്കി.