അമിത വേഗത്തിൽ ബൈക്ക് അഭ്യാസം; യുവാവിനെ പിടികൂടി ദുബായ് പൊലീസ്
ദുബായിലെ പൊതുനിരത്തിലൂടെ മണിക്കൂറിൽ 290 കിലോമീറ്ററിലധികം വേഗത്തിൽ ബൈക്കോടിക്കുകയും അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത യുവാവിനെ ദുബായ് പൊലീസ് പിടികൂടി. ഇയാളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ട്രാഫിക് പൊലീസിന്‍റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടണമെങ്കിൽ അമ്പതിനായിരം ദിർഹം പിഴ അടയ്ക്കേണ്ടി വരും.
റോഡുകൾ അഭ്യാസപ്രകടനങ്ങൾക്കുള്ള സ്ഥലമല്ലെന്നും സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് വിഭാഗം ആക്റ്റിങ് ഡയറക്റ്റർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി.