ദുബായ് റോഡ്‌സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഡിസൈന്‍ ശില്പശാല

 
Pravasi

ദുബായ് റോഡ്‌സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഡിസൈന്‍ ശില്പശാല

ദുബായിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളും നിരവധി പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍റുമാരും ശില്പശാലയില്‍ പങ്കെടുത്തു

UAE Correspondent

ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് , ബില്‍ഡിങ് പെര്‍മിറ്റ് സിസ്റ്റം എന്നിവ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഡിസൈന്‍ ശിൽ‌പശാല സംഘടിപ്പിച്ചു.

ദുബായിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളും നിരവധി പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍റുമാരും ശില്പശാലയില്‍ പങ്കെടുത്തു. ആര്‍ടിഎയുടെ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമുള്ള വിവിധ പദ്ധതികളെക്കുറിച്ചും നിലവിലെ വെല്ലുവിളികളെക്കുറിച്ചും ശില്പശാല ചര്‍ച്ച ചെയ്തു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സുസ്ഥിരത ഉറപ്പാക്കാനും ബിസിനസ് രംഗത്ത് ദുബായുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്താനും ആര്‍ടിഎ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അനുമതികളും പെര്‍മിറ്റുകളും നല്‍കുന്ന പ്രക്രിയ ലളിതമാക്കാനും വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കുമെന്നും, ഇത് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ ഏകീകരണം ശക്തമാക്കുമെന്നും ആര്‍ടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജന്‍സി റൈറ്റ് ഓഫ് വേ ഡയറക്റ്റര്‍ ആരിഫ് ഷക്രി പറഞ്ഞു.

ആര്‍ടിഎയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് എന്‍ഒസി സിസ്റ്റം, അടിസ്ഥാന സൗകര്യ വികസന ജോലികള്‍ക്കായി ഏകീകൃത എന്‍ഒസികള്‍ നല്‍കാന്‍ 11 സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സംയോജിത പ്ലാറ്റ്‌ഫോം ആണെന്ന് ആരിഫ് ഷക്രി വ്യക്തമാക്കി.