റോഡുകളുടെ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ.
ദുബായ്: എമിറേറ്റിലെ പ്രധാന ഹൈവേകളിലെ 20 കിലോമീറ്റർ ദൂരത്തിലുള്ള റോഡുകളുടെ വാർഷിക അറ്റകുറ്റപ്പണികളും പുനരുദ്ധാരണ ജോലികളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു. ദുബായിലെ റോഡ് ശൃംഖല മെച്ചപ്പെടുത്തുക, ജനസംഖ്യാ-സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായി യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുക, ജീവിതനിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയുള്ള വാർഷിക പരിപാലന പദ്ധതിയുടെ ഭാഗമായാണ് ഈ ജോലികൾ പൂർത്തിയാക്കിയത്.
അബുദാബി, ഷാർജ ദിശകളിലെ ഇരുവശങ്ങളിലുമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഐനിൽ നിന്ന് ലെഹ്ബാബിലേക്ക് പോകുന്ന വാഹനങ്ങൾക്കായുള്ള ഫ്രീ-എൻട്രി ലെയ്ൻ ഉൾപ്പെടെയുള്ള ലെഹ്ബാബ് റോഡ്, ജബൽ അലി-ലെഹ്ബാബ് ഇന്റർചേഞ്ചിലെ ടേണിംഗ് ലെയ്നുകൾ, ദുബായ്-അൽ ഐൻ റോഡ്, എമിറേറ്റ്സ് റോഡ്, അൽ റബാത്ത് റോഡ് എന്നിവിടങ്ങളിലെല്ലാം അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്ന് ആർടിഎ വ്യക്തമാക്കി.
ഏറ്റവും പുതിയ ലേസർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് റോഡുകളുടെ അവസ്ഥ മുൻകൂട്ടി വിലയിരുത്തുന്നതെന്നും കേടുപാടുകളും വിള്ളലുകളും റോഡിലെ കുഴികളും കണ്ടെത്തിയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ നബീൽ മുഹമ്മദ് പറഞ്ഞു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദിശാസൂചികകൾ കർശനമായി പിന്തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.