ദുബായ് - അബുദാബി പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബായ് ആർടിഎ
ദുബായ്: ദുബായിൽ നിന്ന് അബുദാബിയിലേയ്ക്ക് പുതിയ അന്തർ എമിറേറ്റ് ബസ് റൂട്ട് പ്രഖ്യാപിച്ചു. അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിസെഡ് ബസ് സ്റ്റേഷനെ ബന്ധിപ്പിക്കുന്നതാണ് കാപ്പിറ്റൽ എക്സ്പ്രസുമായി സഹകരിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) യാണ് പുതിയ റൂട്ട് ഏർപ്പെടുത്തിയത്.
ഒരാൾക്ക് 25 ദിർഹം ആയിരിക്കും യാത്രാനിരക്ക്. യാത്രക്കാർക്ക് 'നോൽ' കാർഡ് ഉപയോഗിച്ചോ പണമായോ ടിക്കറ്റ് തുക അടയ്ക്കാം. 250-ലേറെ അന്തർ നഗര ബസുകളാണ് ആർടിഎയുടെ കീഴിലുള്ളത്.
ഈ ബസുകളിലെല്ലാം സൗജന്യ വൈഫൈ ലഭ്യമാണ്. കഴിഞ്ഞ മെയ് മാസത്തിൽ ദുബായിൽ നിന്ന് ഷാർജയിലേയ്ക്കും ആർടിഎ ബസ് സർവീസ് ആരംഭിച്ചിരുന്നു.
റൂട്ട് ഇ308 എന്ന് പേരിട്ടിരിക്കുന്ന ഈ സർവീസ് ദുബായിലെ സ്റ്റേഡിയം ബസ് സ്റ്റേഷനെയും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിലെ യാത്രാനിരക്ക് ഒരാൾക്ക് 12 ദിർഹം ആണ്.