മികച്ച ആനുകൂല്യങ്ങളുമായി സ്റ്റുഡന്‍റ് കാർഡ് പുറത്തിറക്കി ദുബായ് ആർടിഎ

 
Pravasi

മികച്ച ആനുകൂല്യങ്ങളുമായി സ്റ്റുഡന്‍റ് കാർഡ് പുറത്തിറക്കി ദുബായ് ആർടിഎ

പദ്ധതിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്

MV Desk

ദുബായ്: വിദ്യാർഥികളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്യാമ്പസ് ജീവിതം കൂടുതൽ സമ്പന്നമാക്കുന്നതിനുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയും സംയുക്തമായി പുതിയ 'ദുബായ് സ്റ്റുഡന്‍റ് കാർഡ്' പുറത്തിറക്കി.

ടെകോം ഗ്രൂപ്പിന്റെ ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റി, ദുബായ് നോളജ് പാർക്ക്, ഇന്റർനാഷണൽ സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡ് അസോസിയേഷൻ (ഐഎസ്ഐസി) എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർഥി തിരിച്ചറിയൽ കാർഡ്, നോൾ പൊതുഗതാഗത സേവനങ്ങൾ, ആഗോളതലത്തിലുള്ള ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ കാർഡ് വികസിപ്പിച്ചിരിക്കുന്നത്.

ഘട്ടംഘട്ടമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ രേഖയായും, അമ്പത് ശതമാനം വരെ നിരക്കിളവോടെയുള്ള ആർടിഎ പൊതുഗതാഗത യാത്രാസൗകര്യത്തിനായും, യുഎഇയിലുടനീളമുള്ള വിദ്യാർഥി ആനുകൂല്യങ്ങൾക്കായും, ലോകമെമ്പാടുമുള്ള നൂറ്റി മുപ്പതിലധികം രാജ്യങ്ങളിലായി ലക്ഷത്തിലധികം ഐഎസ്ഐസി ഡിസ്കൗണ്ടുകൾ നേടുന്നതിനും ഈ കാർഡ് ഉപയോഗിക്കാമെന്ന് ആർടിഎ കോർപ്പറേറ്റ് ടെക്നോളജി സർവീസസ് സെക്റ്റർ സിഇഒ അഹമ്മദ് ബഹ്റൂബ്രിയ പറഞ്ഞു.

വിദ്യാഭ്യാസത്തെയും മൊബിലിറ്റിയെയും സേവനങ്ങളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിക്കുന്നതാണ് പുതിയ വിദ്യാർഥി കാർഡെന്ന് കെഎച്ച്ഡിഎ പോളിസി റിസർച്ച് ആൻഡ് പ്രോഗ്രാംസ് സിഇഒ ഡോ. സഈദ് മുബാറക് ഖർബാഷ് പറഞ്ഞു.

ലോകോത്തര ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് ടെകോം ഗ്രൂപ്പിന് കീഴിലുള്ള ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റി, ദുബായ് നോളജ് പാർക്ക് സീനിയർ വൈസ് പ്രസിഡന്റ് മർവാൻ അബ്ദുൽ അസിസ് ജനഹി പറഞ്ഞു.