ദുബായ് മൊബിലിറ്റി ലാബ്‌സ്, ആർടിഎ എക്സിക്യൂട്ടീവ് ഡയറക്റ്റർ ബോർഡ് ചെയർമാൻ മത്താർ അൽ തായർ
ദുബായ്: ഭാവിയുടെ ഗതാഗത സാങ്കേതികവിദ്യയായ സ്വയംനിയന്ത്രിത (ഡ്രൈവറില്ലാ) വാഹനങ്ങളുടെ പരീക്ഷണങ്ങൾക്കായി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രമായ 'ദുബായ് മൊബിലിറ്റി ലാബ്‌സ്' പ്രവർത്തനം തുടങ്ങി. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് ഇന്‍റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയും ചേർന്ന് ദുബായ് സിലിക്കൺ ഒയാസിസിലാണ് ഈ അത്യാധുനിക ടെസ്റ്റിംഗ് ലാബ് സ്ഥാപിച്ചിരിക്കുന്നത്.
2030-ഓടെ നഗരത്തിലെ ആകെ ഗതാഗത സംവിധാനത്തിന്‍റെ കാൽഭാഗവും സ്മാർട്ട് സ്വയംനിയന്ത്രിത രീതിയിലേക്ക് മാറ്റുക എന്ന ദുബായിയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പുതിയ കേന്ദ്രം. പരീക്ഷണ ട്രാക്കുകൾക്ക് പുറമെ ദുബായ് സിലിക്കൺ ഒയാസിസ് മുതൽ അൽ ഖുദ്ര വരെയുള്ള പൊതുറോഡുകളിൽ വിവിധ കാലാവസ്ഥകളിലും റോഡ് സാഹചര്യങ്ങളിലുമായി ഇരുന്നൂറിലധികം വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഗതാഗത മേഖലയിലെ നൂതന കണ്ടെത്തലുകൾ വേഗത്തിൽ പ്രായോഗികതലത്തിൽ എത്തിക്കാൻ ഈ കേന്ദ്രം വഴി സാധിക്കുമെന്ന് ആർടിഎ എക്സിക്യൂട്ടീവ് ഡയറക്റ്റർ ബോർഡ് ചെയർമാൻ മത്താർ അൽ തായർ അറിയിച്ചു. സുരക്ഷയും അന്താരാഷ്ട്ര ഗുണനിലവാരവും ഉറപ്പാക്കി ലാബിന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രമുഖ ആഗോള സുരക്ഷാ ഏജൻസിയായ 'ഡെക്ര'യ്ക്കാണ് ചുമതല നൽകിയിട്ടുള്ളത്.
ലാബിൽ നടത്തിയ ടെസ്ല, വീറൈഡ്, പോണി.എഐ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെ സ്വയംനിയന്ത്രിത വാഹനങ്ങളുടെ പ്രാഥമിക പരീക്ഷണങ്ങൾ വിജയിച്ചതായി അധികൃതർ അറിയിച്ചു.
ആഗോളതലത്തിൽ ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യയുടെ പ്രധാന കേന്ദ്രമായി ദുബായിയെ മാറ്റാനും കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാനും പുതിയ സംരംഭത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.