ദുബായ് ടാക്സി കമ്പനി 
Pravasi

നവീകരണവും വൈവിധ്യവത്ക്കരണവും ലക്ഷ്യമിടുന്ന പഞ്ച വത്സര പ്രവർത്തന നയം പ്രഖ്യാപിച്ച് ദുബായ് ടാക്സി കമ്പനി

ലിമോസിൻ സേവനങ്ങളും ഡെലിവറിയും പോലുള്ള പുതിയ മേഖലകളിലേക്ക് വികസിക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

Megha Ramesh Chandran

ദുബായ്: ദുബായ് ടാക്സി കമ്പനി വളർച്ചയും നവീകരണവും വൈവിധ്യവത്ക്കരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള അടുത്ത അഞ്ച് വർഷത്തെ പ്രവർത്തന നയ രൂപരേഖ പ്രഖ്യാപിച്ചു. ടാക്‌സി വിപണിയിൽ നേതൃത്വം നിലനിർത്താനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് ദുബായ് ടാക്സി കമ്പനി ചെയർമാൻ അബ്ദുൾ മൊഹ്‌സെൻ ഇബ്രാഹിം കൽബത്ത് പറഞ്ഞു.

ലിമോസിൻ സേവനങ്ങളും ഡെലിവറിയും പോലുള്ള പുതിയ മേഖലകളിലേക്ക് വികസിക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി "എല്ലാവർക്കും മുൻഗണനയുള്ള ഗതാഗത ചോയ്‌സ്' ആയി ഡിടിസിയെ ഉറപ്പിക്കാനുള്ള പുതിയ കാഴ്ചപ്പാടിന് ബോർഡ് അംഗീകാരം നൽകി.

ദുബായ് ടാക്സി കമ്പനി ഒരു പൊതു ജോയിന്‍റ് സ്റ്റോക്ക് കമ്പനിയായി രൂപാന്തരപ്പെട്ടിട്ട് ഒരു വർഷമായെന്നും 2025-2029 പഞ്ചവത്സര പദ്ധതി തുടങ്ങിയതോടെ എല്ലാ മേഖലകളിലും സുസ്ഥിരവും സമഗ്രവുമായ വളർച്ച കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്നും ദുബായ് ടാക്സി കമ്പനി ചെയർമാൻ അബ്ദുൾ മൊഹ്‌സെൻ ഇബ്രാഹിം കൽബത്ത് പറഞ്ഞു.

നവീകരണത്തിലൂടെയും ഉപയോക്തൃ കേന്ദ്രീകൃത സമീപനത്തിലൂടെയും ഗതാഗത സംവിധാനങ്ങളെ പുനർനിർവചിക്കാൻതങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ദുബായ് ടാക്സി കമ്പനിയുടെ സിഇഒ മൻസൂർ റഹ്മ അൽഫലാസി പറഞ്ഞു. പഞ്ച വത്സര പദ്ധതിയുടെ നിർവഹണത്തിലൂടെ ഇരട്ട അക്ക വളർച്ച കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു. മികച്ച ലാഭ വിഹിതം നൽകാനും കമ്പനി ലക്ഷ്യമിടുന്നു.

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ, ഗതാഗത മേഖലയിലെ ദുബായ് സർക്കാരിന്‍റെ തന്ത്രപരമായ ലക്ഷ്യങ്ങൾ എന്നിവക്ക് അനുസൃതമായി നടത്തുന്ന ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലെ നിക്ഷേപങ്ങൾ, പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഡിടിസിയുടെ പ്രതിബദ്ധതയെ ഉറപ്പിക്കുന്നു.

ഡിടിസി ദുബായിൽ ഇ-ഹെയ്‌ലിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിന് ആഗോള ഷെയർ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ബോൾട്ടുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. വരും വർഷങ്ങളിൽ ടാക്‌സി ട്രിപ്പുകളുടെ 80% ഇ-ബുക്കിംഗിലേക്ക് മാറ്റാനുള്ള ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

2023 ലെ നിയമ നമ്പർ (21) പ്രകാരം ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതു ജോയിന്‍റ് സ്റ്റോക്ക് കമ്പനിയായ ദുബായ് ടാക്സി കമ്പനിക്ക് കീഴിൽ നിലവിൽ 9,000-ത്തിലധികം വാഹനങ്ങളും 17,500-ലധികം ഡ്രൈവർമാരുമുണ്ട്.

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്

സുകുമാരൻ നായർക്കെതിരേ നിയമപോരാട്ടത്തിനില്ല; വിമർശനം തുടരും: ഗണേഷ് കുമാർ

അമ്മയുടെ താലി മാല പൊട്ടിച്ചോടി, മകൻ അറസ്റ്റിൽ

ഒന്നര ദശാബ്ദത്തിനിടെ ഇതാദ്യമായി അമെരിക്കയിൽ ഒരേ ദിവസം മൂന്നു വധശിക്ഷകൾ